കോട്ടയം:നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ യുഡിഎഫിലെ ഘടകക്ഷികള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. പിജെ ജോസഫ് വിഭാഗത്തെ ഉന്നംവച്ചായിരുന്നു രൂക്ഷവിമര്‍ശനം. സീറ്റ് ചോദിക്കുമ്പോള്‍ ഘടക കക്ഷികള്‍ അവരുടെ സ്വാധീന ശക്തി സ്വയം വിലയിരുത്തണമെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. സീറ്റുകള്‍ അധികമായി വാങ്ങിയിട്ട് കാര്യമില്ല. ഘടക കക്ഷികള്‍ അവരുടെ വിജയ സാധ്യതയും മത്സരിക്കുന്ന മണ്ഡലത്തിലെ സ്വാധീനശക്തിയും സ്വയം വിലയിരുത്തണം. വല്ലവരുടെയും പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്താനാകില്ലെന്നും കെസി ജോസഫ് പരിഹസിച്ചു.
സീറ്റ് വിഭജനത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഓരോ ഘടക കക്ഷിക്കും ന്യായമായതൊന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കില്ല. പിജെ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. കേരള കോണ്‍ഗ്രസുകാര്‍ക്ക് പരിചിതമായ ചിഹ്നം രണ്ടിലയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാണ് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം പരിചയപ്പെടുത്തിയത്. ഘടക കക്ഷികള്‍ യാഥാര്‍ഥ്യബോധമുള്ളവരായിരിക്കണമെന്നും കെസി ജോസഫ് പറഞ്ഞു. സംഘടനാപരമായി അഴിച്ചുപണിവേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസവും അദ്ദേഹം രംഗത്തെത്തിയിരുന്നു.
അതേസമയം, പരാജയപ്പെടുമ്പോള്‍ ഘടക കക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് (പിജെ ജോസഫ്) എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് മറുപടി നല്‍കി. വല്ലവന്റെയും പറമ്പിലെ പുല്ല് കണ്ടുകൊണ്ട് പശുവിനെ വളര്‍ത്തുന്ന പാര്‍ട്ടിക്കാരല്ല തങ്ങളെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഞങ്ങള്‍ സ്വന്തം പറമ്പിലെ പുല്ല് കണ്ട് തന്നെയാണ് പശുവിനെ വളര്‍ത്തുന്നത്. പക്ഷേ ഓരോരുത്തരും ഒറ്റയ്ക്ക് അവരുടെ പറമ്പും പുല്ലും പശുവുമായിട്ട് നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ യുഡിഎഫ് ഉണ്ടോയെന്നും മോന്‍സ് ജോസഫ് ചോദിച്ചു.