കേരളം

kerala

ETV Bharat / city

ഇത്തവണ മോൻസോ സ്റ്റീഫനോ? കേരള കോൺഗ്രസുകാർ നേരിട്ട് ഏറ്റുമുട്ടുന്ന കടുത്തുരുത്തി - mons joseph mla

കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ക്ക് കടുത്തുരുത്തിയില്‍ ഇത്തവണ അഭിമാനപ്പോരാട്ടമാണ്. ജോസഫ് വിഭാഗത്തിന്‍റെ മോന്‍സ് ജോസഫും ജോസ് കെ മാണി പക്ഷത്തുള്ള സ്റ്റീഫന്‍ ജോര്‍ജും നേരിട്ട് ഏറ്റുമുട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കുതിപ്പ് സ്റ്റീഫനെ തുണക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മൂന്നാം തവണയും സ്റ്റീഫനെ തോല്‍പ്പിച്ച് സീറ്റ് നിലനിര്‍ത്താനാണ് മോന്‍സ് ജോസഫ് ഇറങ്ങുന്നത്.

kaduthuruthy assembly  constituency analysis kerala  കടുത്തുരുത്തി മണ്ഡലം  കേരള കോണ്‍ഗ്രസ് ജോസഫ്  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് കടുത്തുരുത്തി  kaduthuruthy kerala congress  assembly election 2021  mons joseph mla  stephan george kadathuruthy
കടുത്തുരുത്തി

By

Published : Mar 27, 2021, 2:22 PM IST

കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമാണ് കടുത്തുരുത്തി. പിളര്‍പ്പിന് ശേഷം ജോസ് -ജോസഫ് വിഭാഗങ്ങളുടെ ശക്തിപ്രകടനത്തിനാണ് ഇത്തവണ മണ്ഡലം വേദിയാകുന്നത്. ഏറെക്കാലമായി കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മണ്ഡലം മോന്‍സ് ജോസഫ്- സ്റ്റീഫന്‍ ജോര്‍ജ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയാകുന്നത്. മുമ്പ് മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും മോന്‍സിനായിരുന്നു ജയം. സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫിലൂടെ സീറ്റ് നിലനിര്‍ത്താന്‍ ജോസഫ് പക്ഷം പരിശ്രമിക്കുമ്പോള്‍ ഭരണനേട്ടങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലും വിശ്വാസമര്‍പ്പിച്ചാണ് സ്റ്റീഫന്‍ ജനവിധി തേടുന്നത്.

മണ്ഡല ചരിത്രം

1957 ല്‍ രൂപീകൃതമായതാണ് കടുത്തുരുത്തി നിയമസഭ മണ്ഡലം. കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം.

മണ്ഡല രാഷ്ട്രീയം

പാര്‍ട്ടി രൂപം കൊണ്ട ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 11 ലും കേരള കോണ്‍ഗ്രസിനായിരുന്നു ജയം. രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയിലെത്തിച്ചത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ എം.സി എബ്രഹാം നിയമസഭയിലെത്തി. 1960ലും എബ്രഹാം ചുമ്മാറിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 1967ലെ തെരഞ്ഞെടുപ്പിലൂടെയാണ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചുവടുറപ്പിക്കുന്നത്. 1967ല്‍ ജോസഫ് ചാഴിക്കാട്ട് എംഎല്‍എയായി നിയമസഭയിലെത്തി. 1970ല്‍ ഒ ലൂക്കോസിലൂടെ കേരള കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. സിപിഎമ്മിന്‍റെ കെ.കെ ജോസഫിനെതിരെ 2,372 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ലൂക്കോസിന്‍റെ ജയം.

1977ല്‍ സ്ഥാനാര്‍ഥികള്‍ മാറിയില്ല. പക്ഷേ 12,751 വോട്ടായി ഭൂരിപക്ഷമുയര്‍ത്തി ലൂക്കോസ് സീറ്റ് നിലനിര്‍ത്തി. ഹാട്രിക് ജയം നേടിയെങ്കിലും 1980ലെ തെരഞ്ഞെടുപ്പ് ഒ ലൂക്കോസിന് അത്ര എളുപ്പമായിരുന്നില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് സ്ഥാനാര്‍ഥി ഇ.ജെ ലൂക്കോസിനെതിരെ 1,286 വോട്ടിന്‍റെ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. 1982ല്‍ നാലാം അങ്കത്തിനിറങ്ങിയ ലൂക്കോസ് സ്വതന്ത്രനായ പി.സി തോമസിനോട് തോറ്റു. 52.85% വോട്ട് നേടിയ പി.സി തോമസ് 5,950 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്.

1987 സാക്ഷ്യം വഹിച്ചത് സ്വതന്ത്രന്മാരുടെ പോരാട്ടത്തിനാണ്. ഇത്തവണ പി.എം മാത്യുവിനെയാണ് പി.സി തോമസ് തോല്‍പ്പിച്ചത്. 3,196 വോട്ടിനായിരുന്നു പി.സി തോമസിന്‍റെ ജയം. 1991ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എം മാത്യു നിയമസഭയിലെത്തി. ഇ.ജെ ലൂക്കോസിനെതിരെ 13,732 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പി.എം മാത്യുവിന്‍റെ ജയം.

1996ല്‍ കന്നി അങ്കത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ മോന്‍സ് ജോസഫ് മികച്ച ജയം നേടി. സിറ്റിങ് എംഎല്‍എ പി.എം മാത്യുവിനെതിരെ 15,166 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. സ്വതന്ത്രനായി മത്സരിച്ച മുന്‍ എംഎല്‍എ പിസി തോമസ് 23.67% വോട്ട് നേടി. 2001ല്‍ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫിനെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റീഫന്‍ ജോര്‍ജ് അട്ടിമറിച്ചു. 4,649 വോട്ടിനായിരുന്നു സ്റ്റീഫന്‍റെ ജയം. 2006ല്‍ മോന്‍സ് ജോസഫ് പകരംവീട്ടി. സ്റ്റീഫന്‍ ജോര്‍ജിനെ 2001 വോട്ടിന് തോല്‍പ്പിച്ചാണ് മോന്‍സ് ജോസഫ് സീറ്റ് തിരിച്ചുപിടിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

മൂന്നാമങ്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനായി മത്സരിച്ച മോന്‍സ് ജോസഫ് കൂടുതല്‍ കരുത്തനെന്ന് തെളിയിച്ചു. സ്റ്റീഫന്‍ ജോര്‍ജിനെ 23,057 വോട്ടിന് തോല്‍പ്പിച്ചാണ് മണ്ഡലം നിലനിര്‍ത്തിയത്. മോന്‍സ് ജോസഫ് 56.37% വോട്ടും സ്റ്റീഫന്‍ 37.48% വോട്ടും നേടി.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

ഇതുവരെയുള്ള തന്‍റെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ മോന്‍സ് ജോസഫ് നിയമസഭയിലെത്തിയത്. കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗത്തിന്‍റെ സ്കറിയ തോമസിനെ 42,256 വോട്ടിനാണ് മോന്‍സ് തോല്‍പ്പിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവും ഇതുതന്നെ. കേരള കോണ്‍ഗ്രസിന്‍റെ സ്റ്റീഫന്‍ ചാഴിക്കാടന്‍ 17,536 വോട്ടും നേടി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റത്തിന്‍റെ പ്രതിഫലനമുണ്ടായ തെരഞ്ഞെടുപ്പ്. 11 പഞ്ചായത്തുകളില്‍ ആറും നേടി എല്‍ഡിഎഫിന് മുന്‍തൂക്കം. നാല് പഞ്ചായത്തുകള്‍ യുഡിഎഫും സ്വന്തമാക്കി. മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ 15,000 ല്‍ അധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് സ്റ്റീഫന്‍ ജോര്‍ജിന് ആത്മവിശ്വാസം നല്‍കുന്നത്.

ABOUT THE AUTHOR

...view details