കോട്ടയം: കെ റെയിലിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് ബാങ്കുകള്‍ വായ്‌പ കൊടുക്കുമെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രഖ്യാപനം മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരും മുഖ്യമന്ത്രിയും ഈ നാടിനെ മുഴുവന്‍ കബളിപ്പിക്കുകയാണ്. കെ റെയില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കെ സുധാകരനും വി.ഡി സതീശനും മാധ്യമങ്ങളെ കാണുന്നു ബംഗാൾ ആവര്‍ത്തിക്കും: സമര മുഖത്ത് ഏതറ്റം വരെ പോകാനും തയ്യാറാണ്. അറസ്റ്റ് ചെയ്യുകയോ നഷ്‌ടപരിഹാരം ഈടാക്കുകയോ ചെയ്‌തോട്ടെ. നാടിന്‍റെ അസ്ഥിത്വം തകര്‍ക്കുകയും ജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ റെയില്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
കെ റെയില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ എതിരാണ്. ബംഗാളില്‍ എന്താണോ സംഭവിച്ചത് അത് തന്നെ കേരളത്തിലും സംഭവിക്കും. സിപിഎമ്മിന്‍റെ അവസാന പച്ചത്തുരുത്തും നഷ്‌ടപ്പെടാന്‍ പോകുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ ബോംബേറ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപത്തുള്ള സിപിഎമ്മുകാരന്‍റെ വീട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍ ഒളിവില്‍ കഴിഞ്ഞതിന് സിപിഎമ്മാണ് മറുപടി പറയേണ്ടത്. ഇതിന് പിന്നിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കണം. വീടിന് നേരെ ബോംബ് എറിഞ്ഞതും സിപിഎമ്മുകാരാണ്.
പിണറായി വിജയന്‍റെ വീടിനടുത്താണ് ബോംബേറുണ്ടായതെന്നും ഓര്‍ക്കണം. മറുപടി പറയാന്‍ ഇ.പി ജയരാജനെ ഏല്‍പ്പിക്കട്ടെ. അദ്ദേഹം എല്ലാത്തിനും മറുപടി പറയുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ക്രമസമാധാന നില തകര്‍ന്നുവെന്ന് വി.ഡി സതീശന്‍: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവങ്ങളായി. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ബോംബ് ഏറുണ്ടായത്.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണ്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. വര്‍ഗീയ കക്ഷികളെയെല്ലാം സിപിഎം പ്രീണിപ്പിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസുമായും എസ്‌ഡിപിഐയുമായും ബന്ധമുണ്ടാക്കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കര്‍ശന നടപടികളാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിഹിതമായ ധാരണകള്‍ ഉണ്ടാക്കിയതിനാല്‍ ഈ വര്‍ഗീയ ശക്തിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കോ സിപിഎം നേതൃത്വത്തിനോ കഴിയുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
കെ റെയിലില്‍ മുട്ടുമടക്കില്ല: ഒരു ഭീഷണിക്ക് മുന്നിലും പൊലീസിന് മുന്നിലും കെ റെയില്‍ വിരുദ്ധ സമരം മുട്ടുമടക്കില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും സമരം ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചവരുണ്ട്. കേരളത്തില്‍ എവിടെയെല്ലാം കല്ലിടാന്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ അതിനെ എതിര്‍ത്തിട്ടുണ്ട്.
അവിടെയെല്ലാം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു. സമരവുമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ പൗരപ്രമുഖരുമായി സംസാരിച്ചപ്പോള്‍ യുഡിഎഫ് ജനങ്ങളുമായാണ് സംസാരിച്ചത്. ഇപ്പോള്‍ മന്ത്രിമാര്‍ വീട് കയറുമെന്നാണ് പറയുന്നത്. ജനം യുഡിഎഫിനൊപ്പമുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Also read:'സിപിഎമ്മിന് ബന്ധമില്ല'; കൊലക്കേസ് പ്രതിയെ സംരക്ഷിച്ചത് ആർഎസ്എസ് അനുഭാവിയുടെ വീട്ടിലെന്ന് എംവി ജയരാജൻ