കോട്ടയം:നല്ല നാടൻ തണ്ണിമത്തങ്ങ വേണോ, പായിപ്പാടേക്ക് പോരേ. അയിത്തമുണ്ടകം അടവിച്ചിറ പള്ളിക്കച്ചിറ ജോൺസൺ എന്നറിയപ്പെടുന്ന തോമസ് ജേക്കബിന്‍റെ പാടശേഖരത്തിലാണ് തണ്ണിമത്തൻ വിളഞ്ഞു കിടക്കുന്നത്. രണ്ടേക്കർ പാടശേഖരത്തിൽ 1200 തടത്തിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയിരിക്കുന്നത്.
ചെലവ് ഒരു ലക്ഷം, ലാഭം 4 ലക്ഷം; പരീക്ഷണം വിജയം, ജോൺസന്‍റെ തണ്ണിമത്തൻ കൃഷി സൂപ്പർ ഹിറ്റ് പച്ചക്കറികളും ചീരയും, പടവലവും, കോവലും കൃഷിയിറക്കിയിരുന്ന ജോൺസൺ ആദ്യമായാണ് തണ്ണിമത്തൻ കൃഷിയിറക്കി പരീക്ഷണം നടത്തിയത്. എന്നാൽ പരീക്ഷണം ഏറെ വിജയകരമാകുകയും പ്രതീക്ഷിച്ചതിനെക്കാൾ അധികം വരുമാനവും ലാഭവവും നേടുകയും ചെയ്‌തു. കൂടാതെ ചൂടിന് കാഠിന്യമേറിയതോടെ ജോൺസന്‍റെ പാടത്തിലെ തണ്ണിമത്തനും ഡിമാൻഡേറി.
ആശയം യൂട്യൂബിൽ നിന്ന്
ആലപ്പുഴ കഞ്ഞിക്കുഴിയിൽ തണ്ണിമത്തൻ കൃഷി ചെയ്തതിന്‍റെ വ്‌ളോഗ് മകൻ യുട്യൂബിൽ കാണിച്ചു കൊടുത്തതിനെത്തുടർന്നാണ് തണ്ണിമത്തൻ കൃഷിയെക്കുറിച്ച് ജോൺസൺ ചിന്തിച്ചത്. തുടർന്ന് തിരുവല്ലായിലുള്ള റിട്ട അഗ്രികൾച്ചറൽ ഓഫീസർ റോയിയുമായി ബന്ധപ്പെടുകയും ഇംപോർട്ടഡ് തണ്ണിമത്തൻ വിത്തിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തു.
നാലിരട്ടി ലാഭം
44000 രൂപയുടെ വിത്താണ് കൃഷിയ്ക്കായി വാങ്ങിയത്. ഒരു പായ്ക്കറ്റിൽ 2000 വിത്തുകളാണ് ഉള്ളത്. ഇതിൽ കാൽകിലോ കിരൺ, സാൻട്രോ എന്ന വിത്തിനം ആണ് കൃഷിയിറക്കിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് കൃഷിക്കായി ജോണ്‍സണ്‍ ചിലവാക്കിയത്. എന്നാൽ നാല് ലക്ഷം രൂപയോളം ലാഭം ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു.
70 ദിവസമാണ് കൃഷിയുടെ കാലയളവ്. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ്. അതിനാൽ ജോണ്‍സന്‍റെ തണ്ണിമത്തന് ആവശ്യക്കാരും ഏറെയാണ്. കോഴിക്കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. രണ്ട് കിലോ മുതൽ നാല് കിലോ തൂക്കം വരെയുള്ള കായ്‌ക്കൾ ലഭിച്ചു.
ALSO READ:പോളിയോ തുള്ളിമരുന്ന് വിതരണം: സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍
ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി പേരാണ് തണ്ണിമത്തൻ വാങ്ങാൻ എത്തുന്നത്. 20 രൂപയാണ് കിലോയുടെ വില. മാർക്കറ്റിൽ 45 രൂപയാണ് കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തന് ഈടാക്കുന്നത്. ഒപ്പം പ്രധാന കൃഷിയിനമായ ചീരയും പടവലവും കോവലും വഴുതനയും മൂന്ന് ഏക്കറിൽ കൃഷിയിറക്കിയിട്ടുണ്ട്.
കൃഷി വകുപ്പിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങുന്നതിനായി പായിപ്പാട് പഞ്ചായത്തിലെ നാനൂറോളം കർഷകരുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമേ കൃഷി ഇറക്കുന്നുള്ളു എന്നും ജോണ്‍സണ്‍ പറയുന്നു. വരും വർഷങ്ങളിലും തണ്ണിമത്തൻ തന്നെ കൃഷിയിറക്കാനാണ് ജോൺസന്‍റെ പദ്ധതി. ഭാര്യ മിനി, മക്കളായ നിഥിൻ, വിൻസൺ, നീതു എന്നിവരും ജോൺസന് ഒപ്പമുണ്ട്.