കോട്ടയം:ലോക്ക്ഡൗൺ ദിവസങ്ങളിലും ഡ്രൈ ഡേയിലും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി 105.5 ലിറ്റർ വിദേശ മദ്യവുമായി പൊൻകുന്നത്തെ ശ്യാം ഹോട്ടൽ ഉടമ കൂരാലി അരീപ്പാറയ്ക്കൽ ശരത്തിനെയാണ് (30) പൊൻകുന്നം പൊലീസ് പിടികൂടിയത്.
ഡ്രൈ ഡേ ദിവസങ്ങളിലും ലോക്ക്‌ഡൗൺ സമയത്തും വിൽക്കുന്നതിനായി നേരത്തെ തന്നെ ബിവറേജുകളിൽ നിന്ന് മൂന്നു ലിറ്റർ വീതം മദ്യം വാങ്ങി ഇയാൾ സൂക്ഷിക്കുമായിരുന്നു. ഇതിന് ശേഷം മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലയ്ക്ക് മദ്യം വിതരണം ചെയ്യുകയായിരുന്നു പതിവ്. 420 രൂപ വിലയുള്ള ഒരു കുപ്പി മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.