കോട്ടയം : കോട്ടയം വടവാതൂര്‍ സ്വദേശി നേവിസിന്‍റെ മാതാപിതാക്കളുടെ പ്രവർത്തി മാതൃകാപരമാണെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി വീണ ജോർജ്.
ചൊവ്വാഴ്ച്ച വസതിയിലെത്തിച്ച നേവിസിന്‍റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മസ്‌തിഷ്‌ക മരണം സംഭവിച്ച നേവിസിന്‍റെ അവയവങ്ങള്‍ ഏഴുപേര്‍ക്കായി ദാനം ചെയ്യുകയായിരുന്നു.
നേവിസിന്‍റെ മാതാപിതാക്കൾ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്നും ഇരുവരെയും കോട്ടയം പൗരാവലി ആദരിക്കുമെന്നും നേവിസിന്‍റെ വീട്ടിലെത്തിയ മന്ത്രി വി എൻ വാസവനും പറഞ്ഞു.
മാതാപിതാക്കളുടെ പ്രവർത്തി മാതൃകാപരം ; നേവിസിന്‍റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് വീണ ജോർജ് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് തോമസ് മലങ്കര കാത്തലിക്ക് പള്ളിയിൽ 12 മണിയോടെ നേവിസിന്‍റെ മൃതദേഹം സംസ്‌കരിച്ചു.
READ MORE :ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി; ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം
കോട്ടയം കളത്തിൽപ്പടി ചിറത്തിലത്ത് ഏദൻസിൽ സാജൻ മാത്യുവിന്‍റെയും ഷെറിന്‍റെയും മകനായ നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ഈ മാസം 16ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചു.
മരണം സ്ഥിരീകരിച്ച ഉടൻ അവയവ ദാനത്തിന് മാതാപിതാക്കൾ സന്നദ്ധതയറിയിച്ചു. ഹൃദയം, കരൾ, കിഡ്‌നി, കൈകൾ, നേത്രപടലങ്ങൾ, എന്നീ അവയവങ്ങൾ 7 പേർക്കാണ് ദാനം ചെയ്തത്.