കോട്ടയം: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നാല് പഞ്ചായത്തുകളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗബാധിതരുള്ള അയ്‌മനം, വെള്ളൂർ, തലയോലപ്പറമ്പ്, അയർക്കുന്നം എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വീടുൾപ്പെടുന്ന മേഖലകൾ കണ്ടെയിൻമെന്‍റ് സോണുകളായും നിശ്ചയിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ഭക്ഷ്യ വിതരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പുകളും പൊലീസും ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇവിടങ്ങളില്‍ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല.
കോട്ടയത്ത് നാല് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി - കേന്ദ്ര സർക്കാർ കൊവിഡ് കോട്ടയം
രോഗബാധിതരുള്ള അയ്‌മനം, വെള്ളൂർ, തലയോലപ്പറമ്പ്, അയർക്കുന്നം എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്
![കോട്ടയത്ത് നാല് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പുതിയ ഹോട്ട് സ്പോട്ടുകൾ covid hotspots in kottayam kottayam hotspot ലോക്ക് ഡൗൺ കൊവിഡ് കേന്ദ്ര സർക്കാർ കൊവിഡ് കോട്ടയം ജില്ലാ കലക്ടർ പി.കെ സുധീർ ബാബു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6956711-thumbnail-3x2-ktym.jpg)
വിജയപുരം, പനച്ചിക്കാട്, മണർകാട് പഞ്ചായത്തുകളെയും കോട്ടയം മുൻസിപ്പാലിറ്റിയിലെ രണ്ട്, ഇരുപത്, ഇരുപത്തിയൊൻപത്, മുപ്പത്തിയാറ്, മുപ്പത്തിയേഴ് വാർഡുകളെയും നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. നേരത്തേ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലോക്ക് ഡൗൺ ഇളവുകൾ ഉൾപ്പെടെ ജില്ലയിൽ പിൻവലിച്ചു. മെഡിക്കൽ സ്റ്റോറുകളും ഭക്ഷ്യ ഉല്‍പാദന വിതരണ കേന്ദ്രങ്ങളും മാത്രമാവും ഇനി തുറന്ന് പ്രവർത്തിക്കുക. മറ്റ് സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകളിൽ 33% നിലനിർത്തി പ്രവർത്തിക്കാനും നിർദേശമുണ്ട്.
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കലക്‌ടര്‍ പി.കെ സുധീർ ബാബു നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും ഉള്‍പ്പെടെ തിരക്കു കുറക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.