കോട്ടയം: കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മൂന്ന് സോണുകളായി തിരിച്ച ജില്ലയില്‍ രോഗ ബാധിത പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണിലാക്കി നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു. ഈ പ്രദേശത്ത് ജനങ്ങള്‍ വീടിന് പുറത്തിറങ്ങാൻ പാടില്ല. ഇവിടങ്ങളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മരുന്നുകളും സന്നദ്ധ പ്രവർത്തകർ മുഖേന വീടുകളിൽ എത്തിച്ച് നൽകും. ആരോഗ്യ കേന്ദ്രങ്ങൾ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കുക. റേഷൻ കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഒന്നും തുറന്ന് പ്രവർത്തിക്കില്ല.
പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അടിയന്തര ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ പുറത്തിറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, പാചക വാതക വിതരണ സ്ഥാപനങ്ങൾ എന്നിവ രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ തുറക്കാന്‍ പാടില്ല. ഈ പ്രദേശങ്ങളിൽ സമൂഹ അടുക്കളകള്‍ തുറന്നു പ്രവർത്തിക്കും.