കോട്ടയം:പുനരധിവാസ നീക്കങ്ങൾ എങ്ങുമെത്താതിരിക്കെ നഗരസഭയുടെ തിരുനക്കരയിലെ ഷോപ്പിങ് കോംപ്ലക്‌സിൽ നിന്നും വ്യാപാരികൾ തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 3) മുതൽ ഒഴിഞ്ഞു കൊടുക്കും. ഒരാഴ്‌ചക്കകം ഒഴിയണമെന്ന സെക്രട്ടറിയുടെ നോട്ടിസ് ചൊവ്വാഴ്‌ച വ്യാപാരികൾ കൈപ്പറ്റി. തങ്ങളുടെ പുനരധിവാസം സംബന്ധിച്ച തീരുമാനം നഗരസഭ ഉടൻ കൈക്കൊള്ളുമെന്നാണ് വ്യാപാരികളുടെ വിശ്വാസം.
തിരുനക്കര ഷോപ്പിങ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ; ബദൽ സംവിധാനമില്ല, വ്യാപാരികൾ പെരുവഴിയിൽ - തിരുനക്കരയിലെ ബസ്സ്റ്റാൻഡ്
തിരുനക്കരയിലെ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്‌ച മുതൽ വ്യാപാരികൾ ഒഴിഞ്ഞു കൊടുക്കും
ഇതു സംബന്ധിച്ച് ഒരു തീരുമാനവും ബന്ധപ്പെട്ടവർ എടുത്തിട്ടില്ലെന്നിരിക്കെ 30ന് നടക്കുന്ന നഗരസഭ കൗൺസിലിലാണ് ഇവരുടെ പ്രതീക്ഷ. ഷോപ്പിങ് കോംപ്ലക്‌സ് പല ഘട്ടങ്ങളിലായി പൊളിച്ചു നീക്കാനാണ് നിലവിലെ ധാരണ. ഈ അവസരത്തിൽ ഓരോ കെട്ടിടവും പൊളിക്കുന്ന ഘട്ടത്തിൽ സമാന്തരമായി താത്കാലികമായി കച്ചവടത്തിന് അവസരം നൽകണമെന്നതാണ് പ്രധാന ആവശ്യം.
നഗരസഭയുടെ പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് വ്യാപാരികൾക്ക് താത്കാലിക സംവിധാനം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അതേസമയം കെട്ടിടങ്ങൾ പൊളിച്ചു നീക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.