കോട്ടയം: പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആനകൾ വിരണ്ടോടി. കൊമ്പന്മാരായ കാളകുത്തി കണ്ണനും, ഉണ്ണിപ്പിള്ളി ഗണേശനുമാണ് വിരണ്ടോടിയത്. ഞായറാഴ്‌ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ട് കൊമ്പൻമാരെയും പാപ്പാൻമാർ തളച്ചു.
ഉത്സവത്തിന്‍റെ ഭാഗമായി രാവിലെയുള്ള എഴുന്നള്ളത്ത് ചടങ്ങുകൾക്കായി ഒരുക്കുന്നതിനിടെയാണ് ആനകൾ ഇടഞ്ഞത്. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശൻ വിരണ്ടോടുകയായിരുന്നു. ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വിരണ്ടു പോയ കാളകുത്തി കണ്ണൻ മറ്റൊരു വഴിയ്ക്ക് ഓടി. പിന്നാലെ, പാപ്പാന്മാരും ഓടിയതോടെ ക്ഷേത്രത്തിൽ സ്ഥിതി രൂക്ഷമായി.