കോട്ടയം : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ മുത്തുകൾ കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നൽകി ദേവസ്വം ബോർഡ്. അച്ചടക്ക നടപടി എടുക്കുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കല്‍ നോട്ടിസ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
തിരുവാഭരണം കമ്മിഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്റ്റന്‍റ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കെതിരെയാണ്, നടപടിക്ക് മുന്നോടിയായി നോട്ടിസ് നൽകിയത്.
ഈ ഉദ്യോഗസ്ഥർക്ക് വീഴ്‌ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇവരുടെ വിശദീകരണം കിട്ടിയശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. ദേവസ്വം ബോർഡ് വിജിലൻസ് എസ് പി ബിജോയ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് നോട്ടിസ് നൽകിയത്.