തൊഴിലാളികള്‍ക്ക് കൊവിഡ്; ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന നടത്തുന്നതിന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും അടിയന്തര നടപടി സ്വീകരിക്കും.
കോട്ടയം: ആന്‍റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വാഹനങ്ങളിൽ ആളുകൾ വരുന്നതും പോകുന്നതും ഒരേ വഴികളിലൂടെ മാത്രമായി നിയന്ത്രിക്കണം. പുറത്തു നിന്ന് ലോറികളുമായി എത്തുന്നവർക്ക് വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കണം. മാർക്കറ്റിൽ ഒരിടത്തും തൊഴിലാളികളോ സന്ദർശകരോ കൂട്ടം ചേരുന്ന സാഹചര്യം ഉണ്ടാകരുത്. അണു നശീകരണം നടത്തുന്നതിന് മുൻസിപ്പാലിറ്റി നടപടി സ്വീകരിക്കണം. ശേഷിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന നടത്തുന്നതിന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും അടിയന്തര നടപടി സ്വീകരിക്കണം. ഏറ്റുമാനൂർ മാർക്കറ്റിലെ 48 പേരുടെ സാമ്പിളുകൾ പരിശോധനക്കെടുത്തതിൽ 46 പേരുടെയും ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച രണ്ട് തൊഴിലാളികളുടെയും സമ്പർക്ക പശ്ചാത്തലം വ്യക്തമാക്കത്തതിനാലാണ് മാർക്കറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല ഭരണകൂടം ശിപാർശ ചെയ്യുന്നത്.