കോട്ടയം:നാനോ സയന്‍സില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപ പി മോഹൻ എംജി സര്‍വകലാശാലയില്‍ നേരിടുന്ന ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം ആരംഭിച്ചു. ഭീം ആര്‍മിയുടെ പിന്തുണയോടെയാണ് സമരം. 2011-12ല്‍ നാനോ സയന്‍സില്‍ എംഫില്‍ പ്രവേശനം നേടിയ വിദ്യാർഥിയാണ് ദീപ പി മോഹന്‍. എംഫില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം പ്രൊജക്‌ട് ചെയ്യാനുളള സൗകര്യം ലഭിച്ചില്ല. സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലിന്‍റെ ഇടപെടല്‍ മൂലം എംഫില്‍ പ്രൊജക്‌ട് വേണ്ട വിധം നോക്കിനല്‍കാതെ ഫെല്ലോഷിപ്പ് തടഞ്ഞുവയ്ക്കുകയും ചെയ്‌തെന്നാണ് ദീപയുടെ പരാതി.
'പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചു'
ദലിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയായതുകൊണ്ടാണ് വിവേചനമെന്ന് ദീപ ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ പ്രതികാര നടപടികളായി ടിസി തടഞ്ഞുവെച്ചും എംഫില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കാതെയും പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചെന്നും ദീപ പറയുന്നു.
ഗേറ്റ് വിജയിച്ചതുകൊണ്ട് മാത്രമാണ് പിഎച്ച്ഡി പ്രവേശനം നേടാനായത്. എന്നാൽ നന്ദകുമാര്‍ കളരിക്കല്‍ ദ്രോഹനടപടികള്‍ തുടര്‍ന്നുവെന്നും ദീപ ആരോപിക്കുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ രണ്ട് അംഗ സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാര്‍ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ് എസി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. നടപടിയില്ലാതെ വന്നതിനെ തുടര്‍ന്ന് ദീപ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി.