പത്തനംതിട്ട: ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സഹായം ചോദിച്ചെത്തുന്നവര്‍ ആരും സങ്കടത്തോടെ മടങ്ങിപോകാറില്ല. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനിയെ കണ്ടു സഹായങ്ങള്‍ക്കായി എത്തുന്നവരെയെല്ലാം നേരില്‍ കാണാന്‍ പറ്റാറില്ലെങ്കിലും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നാണ് തന്‍റെ ഓഫിസിലുള്ളവര്‍ക്ക് ബാവ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചികിത്സ സഹായത്തിനും വീട് നിര്‍മാണത്തിനും വിവാഹ സഹായത്തിനുമായി എത്തുന്ന എല്ലാവരെയും മലങ്കരസഭയുടെ വലിയ ഇടയന്‍ തന്നാല്‍ കഴിയുന്ന വിധം ചേര്‍ത്തു നിര്‍ത്തും.
സ്‌നേഹനിധിയായ വലിയ ഇടയന്‍
നിര്‍ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാവയ്ക്ക് സാധാരണക്കാരന്‍റെ പ്രയാസങ്ങള്‍ വേഗം മനസിലാക്കാന്‍ സാധിച്ചിരുന്നു. തന്‍റെ കയ്യിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്ക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്നുമുളള വീക്ഷണമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഉണ്ടായിരുന്നത്. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്നും ബാവ ആഗ്രഹിച്ചിരുന്നു.
ജീവകാരുണ്യ പദ്ധതികള്‍
അനാഥരോട് പരിശുദ്ധ പിതാവ് കാണിക്കുന്ന കരുതല്‍ ആരെയും അമ്പരപ്പിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിന്‍റെയും സഹപാഠി ബിസ്മിയുടെയും അപൂര്‍വ സൗഹൃദത്തിന്‍റെ കഥ മാധ്യമങ്ങളില്‍ കൂടെ കേട്ടറിഞ്ഞ തിരുമേനി അവരെ കാണാന്‍ പോയതും സഹായങ്ങള്‍ നല്‍കിയതുമെല്ലാം ആ വലിയ ഇടയനു സമൂഹത്തോടുളള കരുതലിന്‍റെ ഉദാഹരണമാണ്. പരിശുദ്ധ ബാവയുടെ നിര്‍ദേശപ്രകാരം സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി ചേര്‍ന്ന് എല്ലാ വര്‍ഷവും ജാതിമതഭേദമന്യേ 600ല്‍ പരം വിദ്യാര്‍ഥിള്‍ക്ക് നല്‍കിവരുന്ന 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പരിശുദ്ധ ബാവയ്ക്ക് വിദ്യാര്‍ഥികളോടുളള സ്‌നേഹത്തിന്‍റെയും വത്സല്യത്തിന്‍റെയും അടയാളമാണ്.