കോട്ടയം: conde nast traveller ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്‌മനം മാതൃക ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണ് അയ്‌മനം ഇടം നേടിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്‌മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക, ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്‌മനം രാജ്യാന്തര തലത്തിൽ ഇടംനേടിയത്.
ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ, ഇസ്താംബൂൾ, ഉസ്‌ബെക്കിസ്ഥാൻ, സെർബിയ, ഒക്‌ലഹാമ (യുഎസ്എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽ നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
അയ്‌മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എ.കെ. ആലിച്ചൻ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ കൺവീനറും ജില്ലാ കോ- ഓർഡിനേറ്റർ ഭഗത് സിംഗ് ജോയിന്‍റ് കൺവീനറുമായ കമ്മിറ്റിയാണ് ആദ്യ ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ പഞ്ചായത്തിൽ നടന്നു വരുന്നത്.