കോട്ടയം:വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിൽ അത്താഴ പഷ്‌ണിക്കാരുണ്ടോ എന്ന വിളി വീണ്ടും മുഴങ്ങി. ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരനടയിൽ കോൽവിളക്കുമായി എത്തിയ ജീവനക്കാരൻ അത്താഴ പഷ്‌ണിക്കാരുണ്ടോ എന്ന് മൂന്ന് പ്രാവശ്യം വിളിച്ച് ചോദിച്ചു. ആരും ഇല്ലെന്ന് ഉറപ്പാക്കി ഗോപുര വാതിൽ അടച്ചതോടെ ക്ഷേത്ര ഊട്ടുപുരയിൽ അത്താഴ ഊട്ടിന് തുടക്കമായി.
അന്നദാനത്തിന്‍റെ ദൃശ്യം, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ പ്രതികരണം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി ദീപ പ്രകാശനം നടത്തിയ ചടങ്ങില്‍ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി കൃഷ്‌ണകുമാറും പങ്കെടുത്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ച അത്താഴ ഊട്ട് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് വീണ്ടും തുടങ്ങിയത്. ആയിരം ഭക്തർക്കായി കഞ്ഞിയും പുഴുക്കുമാണ് തയ്യാറാക്കിയത്.
കൊവിഡിന് ഇളവ് നല്‍കിയതോടെ പ്രാതൽ നേരത്തെ തുടങ്ങിയിരുന്നു. ഇടക്കാലത്ത് മുടങ്ങിയ അത്താഴ ഊട്ട് പിന്നീട് 2013 മെയ് ഒന്നിന് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന പി വേണുഗോപാൽ മുൻകൈ എടുത്താണ് പുനഃരാരംഭിച്ചത്. അത്താഴ പൂജയ്‌ക്ക് ശേഷം ക്ഷേത്ര ജീവനക്കാരൻ കോൽ വിളക്കുമായി കിഴക്കേ ഗോപുര നടയിലെത്തി അത്താഴ പഷ്‌ണിക്കാരുണ്ടോ എന്ന് മൂന്ന് പ്രാവശ്യം വിളിച്ച് ചോദിച്ചതിന് ശേഷമാണ് ഊട്ടുപുരയിൽ ഭക്തർക്ക് ഭക്ഷണം നല്‍കിയിരുന്നത്.
വൈക്കത്ത് അത്താഴ പഷ്‌ണിക്കാർ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഊട്ടിയ ശേഷമേ നടയടക്കാവു എന്ന ആചാരം ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്നു. കഞ്ഞിയും പയറും പപ്പടവും അച്ചാറുമാണ് അത്താഴ ഊട്ടിന്‍റെ വിഭവങ്ങള്‍. തിരുവാതിര നാളിൽ പയറിന് പകരം പുഴുക്കാണ് നല്‍കുക. നിത്യേന 400-ലധികം ഭക്തർ അത്താഴ ഊട്ടിൽ പങ്കെടുത്തിരുന്നു.