കോട്ടയം:ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിക്കുമ്പോഴും എബിസി സെന്‍ററിന്‍റെ പ്രവര്‍ത്തനം തുലാസിൽ. ജില്ലയില്‍ ആദ്യത്തെ എബിസി സെന്‍റര്‍ സെപ്‌റ്റംബർ 30 ന് കോടിമതയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കോടിമതയിലുള്ള നഗരസഭയുടെ കെട്ടിടത്തിലാണ് എബിസി സെന്‍റര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടത്.
തലവേദനയായി മാലിന്യക്കൂമ്പാരം; പ്രവര്‍ത്തനം ആരംഭിക്കാതെ കോട്ടയത്തെ എബിസി സെന്‍റർ കോടിമത അജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് എബിസി കേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടത്. എന്നാല്‍ കേന്ദ്രം തുടങ്ങാനായി തെരഞ്ഞെടുത്ത കോടിമതയിലെ കെട്ടിടത്തിനു ചുറ്റും നഗരസഭയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഈ മാലിന്യം നീക്കാനുള്ള ജോലികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
കെട്ടിടത്തിന് മുന്നില്‍ നിന്നും ഈ മാലിന്യം നീക്കം ചെയ്യാതെ എബിസി സെന്‍റര്‍ തുറക്കാന്‍ സാധിക്കില്ല. മാലിന്യ നീക്കം നടത്താന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചതല്ലാതെ കരാര്‍ ഏല്‍ക്കാന്‍ ആരുമെത്തിയിട്ടില്ല. അതിനിടെയാണ് ഇവിടെ എബിസി കേന്ദ്രം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പറയുന്നത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളില്‍ അഴുകുന്ന മാലിന്യങ്ങളുമുണ്ട്. ഈ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും രൂക്ഷമാണ്.
ക്ലീന്‍ കേരള കമ്പനിക്ക് കൈമാറേണ്ട മാലിന്യങ്ങള്‍ തര്‍ക്കം മൂലം നീക്കം ചെയ്യാനാകാതെ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇവ ഇവിടെ നീക്കാന്‍ പദ്ധതി തയാറാക്കാതെയാണ് കേന്ദ്രം തുറക്കാന്‍ നീക്കം നടക്കുന്നത്. അതേസമയം സാങ്കേതികമായ പ്രശ്‌നങ്ങൾ മാത്രമാണ് ഉള്ളതെന്നും ഉടനടി മാലിന്യങ്ങൾ കെട്ടിടത്തിനു മുൻപിൽ നിന്നും മാറുമെന്നും നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ പറഞ്ഞു.
നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാത്തതും തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമായെന്നും പരാതിയുണ്ട്. കോടിമതിയില്‍ വിവിധയിടങ്ങളില്‍ വലിയ മാലിന്യക്കൂമ്പാരമാണ് കൂടിക്കിടക്കുന്നത്. ഇവിടെ നിരവധി നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. കൂട്ടംകൂടി നടക്കുന്ന നായകള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ട്.