കോട്ടയം: ഏഴു വർഷത്തേക്ക് റോഡുകൾ മികച്ച നിലയിൽ തുടരുക എന്നതാണ് ഒ.പി.ബി.ആർ.സി കരാർ കൊണ്ടു ലക്ഷ്യമിടുന്നതെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുഴി അടയ്ക്കൽ, ഓട വൃത്തിയാക്കൽ, അരിക് വൃത്തിയാക്കൽ, ബി.സി.ഓവർലെയിങ്, അത്യാവശ്യ ഘട്ടങ്ങളിൽ കലുങ്ക് നിർമ്മിക്കൽ തുടങ്ങിയവ കരാറിന്‍റെ ഭാഗമാണെന്നും ഏഴുവർഷവും റോഡിന്‍റെ നിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.സി റോഡിലെ കോട്ടയം- അങ്കമാലി വരെയുള്ള ഭാഗത്തിന്‍റെയും മാവേലിക്കര-ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ് എന്നിവയുടേയും, ഏഴുവർഷത്തേക്കുള്ള പരിപാലനം ഉറപ്പാക്കുന്ന ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബെയ്‌സ്‌ഡ് റോഡ് കോൺട്രാക്‌ട് (ഒ.പി.ബി.ആർ.സി) പദ്ധതിയുടെ ഒന്നാംഘട്ട പാക്കേജിന്‍റെയും ഉദ്ഘാടനം ഏറ്റുമാനൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവുമാണ് സംസ്ഥാനത്തെ റോഡുകൾ തകരാറിലാകുന്നതിന്‍റെ പ്രധാന കാരണങ്ങളെങ്കിലും കൈയും കെട്ടി നോക്കി നിൽക്കുന്ന സമീപനമല്ല സർക്കാരിന്‍റേത്. ഒ.പി.ബി.ആർ.സി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറും. കരാർ അഞ്ചു പാക്കേജുകളിലായി ഉൾപ്പെടുത്തി പൊതുമരാമത്തു വകുപ്പിന്‍റെ റോഡുകളിൽ ശാസ്ത്രീയമായി അറ്റകുറ്റപണി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.