കോട്ടയം: ബുള്ളറ്റില്‍ ഒരുപാട് യാത്ര ചെയ്യണം, ലോകം കാണണം. കോട്ടയം സ്വദേശി ദിയയുടെ ഈ സ്വപ്‌നമല്ല അവളെ വ്യത്യസ്ഥയാക്കുന്നത്. മറിച്ച് യാത്രക്കിടെ ബുള്ളറ്റ് പണി തന്നാല്‍ ദിയയ്ക്ക് ഒരാളുടേയും സഹായം തേടേണ്ടി വരില്ലെന്നതാണ്.
ബുള്ളറ്റ് ഓടിക്കുന്ന പെണ്ണുങ്ങള്‍ ഇപ്പോള്‍ കൗതുകമൊന്നുമല്ല. പക്ഷേ റിപ്പയറിങിന്‍റെ ആണ്‍ ലോകത്തെ പെണ്‍ സാന്നിധ്യമാണ് ഈ കോട്ടയംകാരി. കോട്ടയത്തെ അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കാണ് ദിയയുടെ പിതാവ് ജോസഫ്. കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീടിനോട് ചേര്‍ന്ന് ജോസഫ് നടത്തുന്ന ബുള്ളറ്റ് വര്‍ക് ഷോപ്പാണ് ദിയയുടെ കളരി.
ബുള്ളറ്റ് ഓടിക്കാന്‍ മാത്രമല്ല നന്നാക്കാനും ദിയയ്ക്കറിയാം, പതിനെട്ടുകാരി ബുള്ളറ്റ് മെക്കാനിക്കായ കഥ... ദിയയുടെ ബുള്ളറ്റ് ലോകം
അത്ര എളുപ്പമൊന്നും വഴങ്ങാത്ത ബുള്ളറ്റിനെ ഈ 18കാരി മെരുക്കിയെടുത്തിട്ട് അധിക കാലമൊന്നുമായിട്ടില്ല. പിതാവിന്‍റെ ശിക്ഷണത്തിലാണ് ദിയ ആദ്യമായി ബുള്ളറ്റുകള്‍ നന്നാക്കാന്‍ പരിശീലിച്ച് തുടങ്ങിയത്. പത്താം ക്ലാസിന് ശേഷമുള്ള അവധിക്കാലത്ത് വേറുതെ ഇരുന്നപ്പോള്‍ തോന്നിയ കൗതുകമാണ്. പിതാവിന്‍റെ ഒപ്പം ചെറിയ സഹായായി കൂടിയ ദിയ പതിയെ ബുള്ളറ്റ് മെക്കാനിക്കില്‍ പ്രാഗല്‍ഭ്യം നേടി.
ഇപ്പോള്‍ വര്‍ക് ഷോപ്പില്‍ എത്തുന്ന ബുള്ളറ്റുകളുടെ ഓയില്‍ മാറുന്നതും ജനറല്‍ സര്‍വീസും ചെയ്യുന്നത് ദിയയാണ്. മകളെ ബുള്ളറ്റ് ഏല്‍പ്പിക്കാന്‍ ജോസഫിനും പൂര്‍ണ വിശ്വാസമാണ്. മികച്ച മെക്കാനിക്കാണ് ദിയയെന്ന് വർക്ക് ഷോപ്പിലെ സന്ദർശകനായ ജോർജ് പറയുന്നു.
തണ്ടര്‍ബേഡും യാത്രയും
ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 98 ശതമാനം മാര്‍ക്ക് നേടി പ്ലസ്‌ടുവിന് മികച്ച വിജയം നേടിയ ദിയ എന്‍ട്രന്‍സിന്‍റെയും നീറ്റ് പരീക്ഷയുടെയും പഠനത്തിരക്കിലാണ്. എങ്കിലും ദിവസം കുറഞ്ഞത് മൂന്നു ബുള്ളറ്റുകള്‍ വരെ റിപ്പയര്‍ ചെയ്യും. 2,000 രൂപ വരുമാനം കിട്ടുന്ന പണികള്‍ ദിയ ചെയ്യുന്നുണ്ട്.
ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് താല്‍പര്യമുള്ള ദിയക്ക് ബുള്ളറ്റ് റിപ്പയര്‍ ജോലിയും ഒപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ദിയയ്ക്കായി ജോസഫ് വാങ്ങിവച്ച തണ്ടര്‍ബേഡ് വീടിന്‍റെ ഉമ്മറത്തുണ്ട്. ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞ് തണ്ടര്‍ബേര്‍ഡില്‍ ഒരു യാത്ര. എല്ലാ ബുള്ളറ്റ് പ്രേമികളുടേയും പോലെ ദിയുടേയും ആഗ്രഹം അതാണ്.
Also read: ബുള്ളറ്റിനെ പ്രണയിച്ച തങ്കമണി 'ബുള്ളറ്റ് മണി'യായി