എറണാകുളം: കോതമംഗലം താലൂക്കിലെ മാമലക്കണ്ടത്ത് ആദിവാസി ഊരുകളിലുണ്ടായ കാട്ടാന ആക്രമണത്തിൽ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവരെ നേരിൽ കാണാൻ ആന്‍റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥ സംഘമെത്തി. നിരന്തരമുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
എളംബ്ലാശേരി ആദിവാസി കോളനി മുതൽ അഞ്ചുകുടി ആദിവാസി ഊരിൽ പ്രവർത്തിക്കുന്ന ബദൽ സ്കൂളിന് സമീപം വരെയുള്ള പ്രദേശത്താണ് കാട്ടാന ആക്രമണം ഉണ്ടായത്. ഈ മേഖലയിലെ മൂന്ന് വീടുകൾ പൂർണമായി തകർക്കപ്പെട്ടിരുന്നു. ഇരുന്നൂറോളം വരുന്ന കുടുംബങ്ങളുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്. കുരുമുളക്, തെങ്ങ്, കമുക്, വാഴ തുടങ്ങിയ മുഴുവൻ കൃഷികളും ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാനയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു.