എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇടുക്കി മുൻ എസ്‌പി കെ.ബി വേണുഗോപാലിനെ വിജിലൻസ് ചോദ്യം ചെയ്‌തു. വേണുഗോപാലിൻ്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം പൊരുത്തക്കേടുണ്ടെന്ന് കണ്ടാൽ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിൻ്റെ തീരുമാനം.
കെ.ബി വേണുഗോപാൽ സർവീസിലിരിക്കെ 2006 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലെ വരവ് സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ 18 ലക്ഷം രൂപ വരവിൽ കവിഞ്ഞ് സമ്പാദിച്ചതായും കണ്ടെത്തി. ഇക്കഴിഞ്ഞ നവംബർ 3ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരുന്നു.
Also read: Pink Police: പൊലീസുകാരിക്ക് കാക്കിയുടെ അഹങ്കാരം, പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
വേണുഗോപാലിൻ്റെ കൊച്ചി കുണ്ടന്നൂരിലെ വീട്ടിൽ വിജിലൻസ് സംഘം റെയ്‌ഡ് നടത്തി ബാങ്ക് അക്കൗണ്ട്, വാഹനം, വസ്‌തുവകകള്‍ എന്നിവ സംബന്ധിച്ച 57 രേഖകൾ കണ്ടെടുത്തിരുന്നു. വേണുഗോപാലിൻ്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ മുക്ക് പണ്ടവും കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വേണുഗോപാലിനെ കൊച്ചി വിജിലൻസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്.