എറണാകുളം: വെണ്ണല മതവിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കൊച്ചി പൊലീസ്. ഇക്കാര്യം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു സ്ഥിരീകരിച്ചു. വിദ്വേഷ പ്രസംഗത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും സംഘാടകർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.
മെയ് 8ന് വെണ്ണലയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി ജോർജിനെതിരായ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അതേസമയം അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.
5 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം: എന്നാല്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇറക്കണമെന്ന പി.സി ജോർജിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കുക, സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക, ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂർവം സംഘർഷം സൃഷ്‌ടിക്കാനായി ഒരുക്കി നിർത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരായ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ പ്രകാരമാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിക്ക് മൂന്ന് വർഷം വരെ കോടതിക്ക് ശിക്ഷ നൽകാൻ കഴിയും.
Also read: വിദ്വേഷ പ്രസംഗം: പി.സി.ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി അടുത്ത ആഴ്ചയിലേക്ക് മാറ്റി
ഒരു മതകേന്ദ്രത്തിൽവച്ചാണ് മേൽപറഞ്ഞ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് നടക്കുന്നതെങ്കിൽ ജയിൽ ശിക്ഷ അഞ്ച് വർഷം വരെയാകാമെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ മതവിദ്വേഷ പരാമർശിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പി.സി ജോർജ് വീണ്ടും വിദ്വേഷ പരാമർശം നടത്തിയത് എന്നത് ഏറെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.