എറണാകുളം: പി.ടിയെ പോലൊരു നേതാവ് കോൺഗ്രസിലോ ഇതര പാർട്ടികളിലോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ടി തോമസിന് സമം പി.ടി മാത്രം. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിനെ അനുസ്‌മരിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അവിടെയുള്ള ഡോക്‌ടർമാരുമായും സംസാരിച്ചാണ് ഇവിടെ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചത്. ഇത്രയും പെട്ടന്നുള്ള വേർപാട് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കെപിസിസി വർക്കിങ് പ്രസിഡന്‍റായ പി.ടി തോമസ് എംഎൽഎ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ നെടും തൂണായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. എല്ലാവരുമായി വ്യക്തിപരമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം ജനാധിപത്യ ചേരിക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു.
പി.ടി.തോമസിനെ അനുസ്‌മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേരളത്തിൽ ഇത്രയും വലിയ ഫയർ ബ്രാൻഡായ മറ്റൊരു നേതാവ് കോൺഗ്രസിനകത്തോ പുറത്തോ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ഉള്ളിലെന്നും ഒരു അഗ്നി സൂക്ഷിച്ച നേതാവായിരുന്നു. നിയമസഭയിലും പുറത്തും കാർക്കശ്യം നിറഞ്ഞ നിലപാടുകളിൽ അദ്ദഹം ഉറച്ച് നിന്നിരുന്നു.
Also read: PT Thomas | കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത് വേണ്ട, വയലാറിന്‍റെ ഗാനവും ; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ
നിർഭയമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ മുദ്ര. ആരെയും അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ആരുടെയും മുഖത്ത് നോക്കി സംസാരിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിൽ നിന്നാണ് കേരളത്തിലെ രാഷ്ട്രീയ രംഗത്തേക്ക് സജീവമായി വരുന്നത്. താനുൾപ്പടെയുള്ളവർക്ക് വലിയ പ്രചോദനമായിരുന്നു പി.ടി.
ആരോട് സംസാരിക്കുമ്പോഴും അവർക്ക് ഉർജം പകർന്ന് നൽകാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്‌തനാക്കിയത്. പ്രതിസന്ധികളെ നേരിട്ടാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകൻ തന്നെയാണ് പി.ടി. കോൺഗ്രസിന് വലിയ നഷ്‌ടമാണ് ഈ വിയോഗം. തന്‍റെ റോൾ മോഡലാണ് പി.ടി. വഴികാട്ടിയായിരുന്നുവെന്നും എല്ലാ അർത്ഥത്തിലും ജ്യേഷ്‌ഠ സഹോദരനായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ഭാര്യയോടും മക്കളോടും സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അന്ത്യ കർമങ്ങൾ നടത്താൻ പാർട്ടി തീരുമാനിച്ചത്. രാവിലെ ഡിസിസി ഓഫിസിലെത്തി രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.