എറണാകുളം: പ്രതിപക്ഷം ദുർബലമാണെന്ന വിമർശനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ല. പ്രതികരിക്കേണ്ട വിഷയങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നുണ്ട്. എല്ലാ ദിവസവും നിയമസഭയിൽ ബഹളം വയ്ക്കലല്ല നിയമസഭ പ്രവർത്തനമെന്നും മുട്ടിൽ മരം മുറി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
സാമ്പ്രദായിക ശൈലിയിൽ നിന്നു മാറി പ്രവർത്തനം
ഹൈക്കമാൻഡിൽ പരാതി നൽകിയതിനെക്കുറിച്ച് അറിയില്ല. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. സാമ്പ്രദായിക ശൈലിയിൽ നിന്നു മാറിയുള്ള പ്രവർത്തനമായിരിക്കും പ്രതിപക്ഷം നടത്തുകയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് നേതാക്കളിൽ പലരും ആവശ്യപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടെങ്കിൽ അവർക്ക് അതിനുളള അവകാശമുണ്ടെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.