എറണാകുളം: കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്ഥലമെടുപ്പ് ജനപിന്തുണയോടെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം കലക്‌ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
ഈ പദ്ധതി സുതാര്യമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. ഭൂമിയുടെ ലഭ്യത ഏറ്റവും കുറഞ്ഞ സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ പാരിസ്ഥിതിക ആഘാത പഠനം നടത്താത്തത് എന്ത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നു ഇരുപതിനായിരം പേരെ കുടിയൊഴിപ്പിച്ചും അമ്പതിനായിരം കെട്ടിടം പൊളിച്ചും 145 ഹെക്‌ടര്‍ വയൽ നികത്തിയും നടപ്പാക്കുന്ന പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയോയെന്നും വി.ഡി സതീശൻ ചോദിച്ചു.
Also read: ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ
പദ്ധതിയെ എതിർക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണ്. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണിത്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തുരങ്കംവച്ച പിണറായി വികസന വിരുദ്ധതയെന്ന് പറഞ്ഞ് തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
മെട്രോമാനെന്ന് സർക്കാർ പുകഴ്ത്തിയ ഇ ശ്രീധരൻ ഈ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ പ്രായോഗികമല്ലെന്ന് കണ്ട് മാറ്റി വെച്ച പദ്ധതിയാണിതെന്നും വി.ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തവരാണ് കെ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.