എറണാകുളം: പതിമൂന്നുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അച്ഛൻ സനു മോഹനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. സനു മോഹന്‍ ഗോവയിൽവച്ച് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു. കൊല നടത്തിയെന്ന് പ്രതി മൊഴി നൽകിയ കങ്ങരപടിയിലെ ഫ്ലാറ്റ്, കുട്ടിയെ തള്ളിയ മുട്ടാർ പുഴ തുടങ്ങി സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.
മൊഴികളും സാഹചര്യ തെളിവുകളും കോർത്തിണക്കി കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസ് തയ്യാ റെടുക്കുന്നത്. ദൃസാക്ഷികളില്ലാത്ത കേസിൽ പ്രതിക്ക് എതിരായ പരമാവധി തെളിവുകൾ സമാഹരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും അടിക്കടി മൊഴിമാറ്റുന്നതുമാണ് പൊലീസിനെ കുഴക്കുന്നത്. ഒരോ സമയവും പ്രതി മൊഴിമാറ്റുകയാണന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗാരാജു പറഞ്ഞു.
കൂടുതല്‍ വായനയ്‌ക്ക്:പതിനെട്ട് കഴിഞ്ഞവര്‍ക്കും വാക്സിന്‍ ; മൂന്നാംഘട്ട വിതരണം മെയ് ഒന്ന് മുതല്‍
കൃതമായ ആസൂത്രണത്തോടെയാണ് പ്രതി മകളെ കൊലപ്പെടുത്തിയത്. എന്നാൽ കൊല നടത്തിയത് ഏത് രീതിയിലാണെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇതേപ്പറ്റി പ്രതി വിശദമായി മൊഴി നൽകിയെങ്കിലും പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. കടബാധ്യതയിൽ നിൽക്കക്കള്ളിയില്ലാതെയാണ് കൂട്ടമായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇതിന് ഭാര്യ തയ്യാറാവില്ലെന്ന് അറിയാവുന്നതിനാലാണ് മകളെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സംഭവ ദിവസം ബന്ധുവിന്‍റെ വീട്ടിൽ പോകുന്നുവെന്ന വ്യാജേനെയാണ് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തിയത്. ഭാര്യ കായംകുളത്തെ വീട്ടിലായിരുന്നു ഈ സമയത്ത്. ആത്മഹത്യ ചെയ്യുന്ന കാര്യം മകളോട് പറഞ്ഞു. ഇതുകേട്ട കുട്ടി പൊട്ടിക്കരഞ്ഞ് അമ്മ തനിച്ചാവില്ലേയെന്ന് ചോദിച്ചു. എന്നാൽ കുട്ടിയെ സ്വന്തം ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. ബോധം നഷ്ടമായ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം ഒഴുകിയെന്നും, ഇത് കിടക്ക വിരി ഉപയോഗിച്ച് തുടച്ചുവെന്നും സനു മോഹൻ വിശദീകരിച്ചു.