എറണാകുളം: അനധികൃതമായി കൊവിഡ് പരിശോധന നടത്തി വന്നിരുന്ന കൊച്ചിയിലെ സ്വകാര്യ ലാബ് ജില്ല ഭരണകൂടം അടച്ച് പൂട്ടി. ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെൻ്ററിൽ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്‌ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആവശ്യമായ അനുമതിയില്ലാതെയാണ് ഈ ലാബിൽ കൊവിഡ് പരിശോധന നടത്തി വന്നത്. പരിശോധന ഫലം സാക്ഷ്യപ്പെടുത്തതിന് ഡോക്‌ടര്‍ ഉണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നില്ല. ഒരേ പിപിഇ കിറ്റുകൾ ഒരു മാസമായി ഇവിടെ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അനധികൃത കൊവിഡ് പരിശോധന; സ്വകാര്യ ലാബ് ജില്ല ഭരണകൂടം അടച്ച് പൂട്ടി ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ല കലക്‌ടര്‍ ജാഫർ മാലിക് അറിയിച്ചു. പരാതികൾ ലഭിച്ചതിനെ തടർന്ന് നേരത്തെ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പരിശോധിച്ച് നടപടി സ്വീകരിച്ചത്.
ഒരു ഡോക്‌ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ലാബ്. എന്നാൽ ഇയാൾ ഒരു മാസമായി ഇവിടെ വന്നിട്ടില്ലെന്നും ജീവനക്കാർ തന്നെയാണ് പ്രവർത്തനം നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
Also read: ഒരിടത്ത് പോസിറ്റീവ്, നാലിടങ്ങളില്‍ നെഗറ്റീവ് ; സ്വകാര്യ ലാബിനെതിരെ പരാതി നല്‍കി പ്രവാസി