കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം നിലനിർത്തി ഐക്യ ജനാധിപത്യ മുന്നണി. 3673 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ഇടത് സ്വതന്ത്രന്‍ മനു റോയിയെ പരാജയപ്പെടുത്തിയത്. ആകെ 37515 വോട്ടുകളാണ് വിനോദിന് ലഭിച്ചത്.
കഴിഞ്ഞ മൂന്നര വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിജയമായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നെന്ന് ടി ജെ വിനോദ് പറഞ്ഞു. എൽഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് കൊച്ചിയിലെ ജനങ്ങൾ തെളിയിച്ചുവെന്നും ടി ജെ വിനോദ് പ്രതികരിച്ചു. പേമാരിയെ വെല്ലുന്ന മഴയാണ് തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായത്. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുമെന്നുപോലും വിചാരിച്ചിരുന്നു. മഴമൂലം വളരെയധികം ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. തനിക്ക് കിട്ടേണ്ട ഇരുപത്തിഅയ്യായിരം വോട്ടുകൾ പോൾ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പ്രതികൂലമായ കാലാവസ്ഥയിലും പോളിങ് ബൂത്തിലെത്തി തനിക്ക് അനുകൂലമായി വോട്ട് ചെയ്ത വോട്ടർമാർക്ക് വിജയം സമർപ്പിക്കുന്നതായും നിയുക്ത എം.എൽ.എ ടി.ജെ.വിനോദ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വലിയ ഇടിവാണ് ഉണ്ടായത്. പോളിങ് ശതമാനത്തിലുണ്ടായ വലിയ കുറവാണ് ഭൂരിപക്ഷം കുറയുന്നതിന് കാരണമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 21949 വോട്ടിന്‍റെയും ലോക സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 31174 വോട്ടിന്‍റെയും ഭൂരിപക്ഷമുണ്ടായിരുന്നു.