എറണാകുളം : ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങൾ റദ്ദാക്കുക, പ്രഫുല്‍ പട്ടേലിനെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊച്ചിയിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലാണ് എം.പിമാർ സമരം നടത്തിയത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
also read:ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണയുമായി എൽഡിഎഫ്
ലക്ഷദ്വീപിൽ ജനാധിപത്യം പിച്ചിച്ചീന്തി എറിയുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. ദ്വീപിനെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണ്. എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി തകിടം മറിക്കുകയാണ്. ഭരണഘടനാതത്വങ്ങൾ ലംഘിക്കുകയാണ്. ഇതിനുപിന്നിൽ കേന്ദ്ര സർക്കാരിന്‍റെ വര്‍ഗീയ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡ്‌മിനിസ്ട്രേറ്റര്‍ ഓഫിസിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിട്രേറ്ററുടെ നിലപാട് അഹങ്കാരമാണ്. താനും കേന്ദ്ര സർക്കാരും വിചാരിച്ചത് പോലെ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നത്. കൂടുതൽ ശക്തമായ പ്രതിഷേധം ഏങ്ങനെ ഉയർത്തിക്കൊണ്ടുവരുമെന്ന് ഗൗരവമായി ആലോചിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.
അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കും. പരമാവധി എം.പിമാരെ ഈ വിഷയത്തിൽ സഹകരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ടിയ്ക്ക് പുറമെ എം.പിമാരായ ബെന്നി ബെഹന്നാൻ, എം.കെ.രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി.എൻ.പ്രതാപൻ, അബ്ദുസമദ് സമദാനി, രമ്യ ഹരിദാസ്, ആന്‍റോ ആന്‍റണി എന്നിവരാണ് പ്രതിഷേധസമരത്തിൽ പങ്കെടുത്തത്.