എറണാകുളം:പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനം. പ്രതിഷേധത്തിന് ഇടതുപക്ഷവുമായി സഹകരിക്കണ്ടതില്ലെന്നും. സ്വന്തം നിലയിൽ സമരം മുന്നോട്ട് കൊണ്ടുപോകാനും യോഗത്തില്‍ തീരുമാനമായി അതേസമയം ഗവർണറുടെ പ്രസ്താവനകൾ പദവിക്ക് യോജിച്ചതല്ലെന്നും കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.
പൗരത്വ നിയമഭേദഗതി; സമരത്തില്‍ സഹകരണമില്ലെന്ന് യുഡിഎഫ് ഗവർണറുടെ പ്രസ്താവനകൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ യുഡിഎഫ് അത്ഭുതം രേഖപ്പെടുത്തുന്നുവെന്നും മുന്നണി കൺവീനർ ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു. യോഗതീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതിനു പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടാവാമെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയതിനെ ഗവർണർ എതിർക്കുകയാണ്. നിയമസഭയുടെ അധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ യു.ഡി.എഫ് നേതാക്കൾ ശക്തമായാണ് പ്രതികരിച്ചത്. എന്നാൽ സഭയുടെ വികാരം ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ മനുഷ്യ ഭൂപടം സംഘടിപ്പിക്കും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ബെന്നി ബെഹന്നാന്‍ അറിയിച്ചു.
ലോക കേരള സഭ കേവലം ധൂർത്ത് മാത്രമായി മാറിയതിനാലാണ് സഹകരിക്കാത്തതെന്നും യു.ഡി.എഫ് കൺവീനർ വ്യക്തമാക്കി. ലോക കേരള സഭ കഴിഞ്ഞ തവണ എടുത്ത അമ്പതോളം തീരുമാനങ്ങൾ നടപ്പാക്കിയില്ല. അതിനാൽ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത്. ലൈഫ് പദ്ധതിയുടെ പരാജയം മറച്ച് വെക്കാൻ നടത്തുന്ന മാമാങ്കങ്ങൾ യുഡിഎഫ് ബഹിഷ്കരിക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റയ്ക്കും, എല്ലാവരുമായും യോജിച്ചുമുള്ള പ്രതിഷേധം ആവശ്യമാണെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുന്നണി യോഗത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.