കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിടാൻ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ഉത്തരവിട്ടു. പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. പ്രതികളായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും നാളെ കോടതിയിൽ ഹാജരാക്കി എൻ.ഐ.എക്ക് കൈമാറും. നാളെ മുതൽ ഇരുപത്തിയെട്ട് വരെയാണ് എൻ.ഐ. കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്.
പന്തീരാങ്കാവ് യു.എ.പി.എ കേസ്; പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു - അലൻ ഷുഹൈബ് താഹാ ഫസല്‍
പ്രതികളായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും നാളെ കോടതിയിൽ ഹാജരാക്കി എൻ.ഐ.എക്ക് കൈമാറും.
പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അടുത്ത മാസം പതിനാല് വരെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതീവ സുരക്ഷയിൽ താമസിപ്പിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രതികൾ തൃശൂരിലെ അതിസുരക്ഷാ ജയിലിലാണുള്ളത്.