എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് റിമാൻഡിൽ. 14 ദിവസത്തെ റിമാന്‍ഡിലാണ് വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്‍റെ അപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്.
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതി റമീസ് റിമാന്‍ഡില്‍
കസ്റ്റംസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി മറ്റന്നാൾ പരിഗണിക്കും
മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കസ്റ്റഡിയിലെടുത്ത റമീസിനെ ഇന്നലെ പുലർച്ചെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചത്. അതേസമയം റമീസിനെ ഇതുവരെ എൻ.ഐ.എ പ്രതിചേർത്തിട്ടില്ല. കഴിഞ്ഞ ദിവസം എൻ.ഐ.എ സംഘം റമീസിനെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. റമീസിനെയും എൻ.ഐ.എ പ്രതിചേർക്കുമെന്നാണ് സൂചന. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പി.ആര്‍ സരിത്ത് ഒന്നാം പ്രതിയും സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയുമാണ്. മൂന്നാംപ്രതി സന്ദീപ് നായരും നാലാം പ്രതി റമീസുമാണ്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സരിത്തിൽ നിന്നാണ് റമീസിനെ കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. സ്വർണ്ണക്കടത്തിന്‍റെ സൂത്രധാരൻ റമീസ് ആണെന്നാണ് സരിത്ത് മൊഴി നൽകിയത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്ന കാര്യം റമീസാണ് മറ്റു പ്രതികളെ ധരിപ്പിച്ചത്. വിമാനത്താവളത്തിൽ നിന്നും സരിത്ത് പുറത്തെത്തിക്കുന്ന സ്വർണം റമീസായിരുന്നു ബന്ധപ്പെട്ടവർക്ക് എത്തിച്ചിരുന്നതെന്നാണ് വിവരം.