എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ അസാധാരണമായ കുറ്റകൃത്യം നടന്നിട്ട് ഇന്നേക്ക് അഞ്ച് വർഷം. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ കേസിനെ പരാമര്‍ശിച്ചത്.
ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് എട്ടാം പ്രതി ദിലീപ് ഉൾപ്പടെയുള്ള ആറ് പ്രതികൾക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കൂട്ട ബലാത്സംഗമുൾപ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മജിസ്ട്രേറ്റ് കോടതി കേസ് എറണാകുളം ജില്ല സെഷൻസ് കോടതിക്ക് വിചാരണക്കായി കൈമാറി. വിചാരണക്ക് വനിത ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി എറണാകുളം പ്രത്യേക സിബിഐ കോടതിയെ കേസ് ഏല്‍പ്പിച്ചത്.
വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ഹർജിയിൽ വിചാരണ കോടതി അനുകൂലമായ ഉത്തരവ് നൽകിയിരുന്നു. ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ ചില മാധ്യമങ്ങൾക്കെതിരെ കോടതി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിചാരണ കോടതിയുടെ ഉത്തരവ് ലംഘിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് ദിലീപ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
കേസിന്റെ നാള്‍വഴി
2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.
നടിക്ക് നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പൾസർ സുനി ഇത് ക്വട്ടേഷനാണെന്നാണ് നടിയോട് പറഞ്ഞത്. ഈ സംഭവം തന്നെ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കേസിൽ ദിവസങ്ങൾക്കകം തന്നെ പ്രതി പൾസർ സുനിയെ പൊലീസ് നാടകീയമായി പിടികൂടി.
എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി മുറിക്കുള്ളിൽ നിന്നും പ്രതിയെ പിടികൂടിയത് വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.
നടിയുമായി ശത്രുതയിലായിരുന്ന നടൻ ദിലീപിന് നേരെ അന്നുതന്നെ സംശയമുയർന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലിൽ നിന്ന് ദിലീപുമായി ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഇതേ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി നീണ്ട പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിനൊടുവില്‍ 2017 ജൂലൈ 10ന് അറസ്റ്റ് ചെയ്തത്.
85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് കേസില്‍ അസാധാരണമായ നിരവധി സംഭവങ്ങളും ഉണ്ടായി. പ്രതിയായ ദിലീപ് അമ്പതിലധികം തവണയാണ് വിവിധ ഹർജികളുമായി വിചാരണ കോടതി മുതൽ സുപ്രീം കോടതിയെ വരെ സമീപിച്ചത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.
അഞ്ച് വര്‍ഷം, വിചാരണ തീരാതെ കേസ്
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇതിനെ എതിർത്ത് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദൃശ്യങ്ങൾ വിചാരണ കോടതിയുടെ നിയന്ത്രണത്തിൽ പരിശോധിക്കാൻ അനുമതി നൽകുകയും ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.