എറണാകുളം:കേരളം ഒന്നാകെ ഉറ്റുനോക്കിയ തൃക്കക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിച്ചു. മുന്നണികളുടെ കണക്കുകൂട്ടലുകളും മറികടന്നുള്ള പോളിങ്ങാണ് ഇത്തവണ തൃക്കാക്കരയിൽ നടന്നത്. കഴിഞ്ഞ തവണ 70.79 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ഇത്തവണ പോളിങ് ഇതിനെ മറികടക്കുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്‌ചയാണ് (3-6-2022) വോട്ടെണ്ണൽ.
രണ്ടാം പിണറായി സര്‍ക്കാര്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണെങ്കിലും യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് അതി നിര്‍ണായകമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ രണ്ടാം തോല്‍വിയില്‍ നിന്ന് കരകയറുന്നതിന് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു തെരഞ്ഞെടുപ്പ് കൂടി അവരുടെ തലയില്‍ പതിച്ചത്.
യുഡിഎഫിന് നിലനിൽപ്പിന്‍റെ പോരാട്ടം:തൃക്കാക്കര സിറ്റിങ് സീറ്റാണെന്നതും സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമില്ലെന്നതുമാണ് യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്. പുതിയ നേതൃത്വത്തെ പാര്‍ട്ടിയിലും പാര്‍ലമെന്‍ററി പാര്‍ട്ടിയിലും നിയോഗിച്ചു കൊണ്ട് ഒരു തിരിച്ചു വരവിന് ശ്രമിക്കുന്ന ഈ അവസരത്തില്‍ ഒരു പരാജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും കോണ്‍ഗ്രസ് തലപ്പത്തെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ കരുത്ത് കാട്ടിയില്ലെങ്കിലും നില നിര്‍ത്തുകയെങ്കിലും ചെയ്യുക എന്നത് ഇരുവരുടെയും ആവശ്യമാണ്. അതിനുമപ്പുറം കോണ്‍ഗ്രസ് അടിപതറുന്ന സാഹചര്യമുണ്ടായാല്‍ അത് ഭാവിയില്‍ കേരളത്തില്‍ ബിജെപിയുടെ കടന്നു വരവിനു കളമൊരുങ്ങുമോ എന്നൊരാശങ്ക കൂടി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
സിപിഎം സെഞ്ച്വറി നേട്ടം എന്നവകാശപ്പെട്ട് കാടിളക്കി പ്രചാരണം നടത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നൊരു വാദം കൂടി കോണ്‍ഗ്രസ് ഇവിടെ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേത്തിലും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം നിലിനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്നതിനു പിന്നില്‍ മണ്ഡലത്തിലെ ശക്തമായ കോണ്‍ഗ്രസ് അടിത്തറ ഒന്നു മാത്രമാണ്.
പിടിച്ചെടുക്കാൻ എൽഡിഎഫ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി തന്നെ തമ്പടിച്ച് മണ്ഡലത്തില്‍ കാടിളക്കിയുള്ള പ്രചാരണമാണെങ്കിലും യുഡിഎഫിന്‍റെ ഉറച്ച കോട്ട ഇളക്കുക അത്ര എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതു കൊണ്ടു കരുതലോടെ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.