കേരളം

kerala

ETV Bharat / city

തൃക്കാക്കരയിലും വിരിഞ്ഞില്ല, പിസി വന്നെങ്കിലും കര തൊടാതെ താമര...

റെക്കോഡ് ഭൂരിപക്ഷത്തില്‍ തൃക്കാക്കരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ജയിച്ചുകയറിയപ്പോൾ ബിജെപി സ്ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ മൂന്നാം സ്ഥാനത്തായി. 72770 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചപ്പോൾ 12957 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്.

thrikkakkara bjp result an radhakrishnan
തൃക്കാക്കരയിലും വിരിഞ്ഞില്ല, പിസി വന്നെങ്കിലും കര തൊടാതെ താമര...

By

Published : Jun 3, 2022, 1:55 PM IST

എറണാകുളം: ഇത്തവണ തൃക്കാക്കരയില്‍ താമര വിരിയുമെന്ന് പറഞ്ഞത് ബിജെപി സ്ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ തന്നെയാണ്. ഒ രാജഗോപാലിന് ശേഷം ബിജെപിയുടെ എംഎല്‍എയായി താൻ നിയമസഭയിലെത്തുമെന്നും എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു. ശക്തമായ പോരിനുറച്ചു തന്നെയാണ് ബിജെപി ഇത്തവണ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിജെപി വോട്ടുമറിക്കുമെന്ന പ്രചാരണം എല്‍ഡിഎഫ് കേന്ദ്രങ്ങൾ ആവർത്തിച്ചു പറഞ്ഞതിനാല്‍ അഭിമാന പ്രശ്‌നമായിട്ടാണ് ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന നേതൃത്വം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ കണ്ടത്.

പ്രചാരണത്തിന് താരപ്രചാരകർ: കേന്ദ്രമന്ത്രി വി മുരളീധരൻ, നടനും മുൻ എംപിയുമായ സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പികെ കൃഷ്‌ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവർ നേരിട്ടിറങ്ങിയാണ് പ്രചാരണം നയിച്ചത്. സിപിഎമ്മിനും സർക്കാരിനും എതിരായ ആരോപണങ്ങളിലൂടെ സർക്കാർ വിരുദ്ധ വോട്ടുകൾ സമാഹരിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കെ റെയില്‍ വിരുദ്ധ സമരങ്ങൾ തങ്ങളാണ് നയിച്ചതെന്നും കോൺഗ്രസ് ദേശീയ തലത്തില്‍ ശിഥിലമായെന്നും ബിജെപി പ്രചാരണത്തിലുടനീളം ബിജെപി നേതാക്കൾ ആവർത്തിച്ചു.

ദാ വരുന്നു പിസി ജോർജ്: തൃക്കാക്കരയില്‍ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ പിസി ജോർജിന് എതിരെ പൊലീസ് കേസെടുക്കുന്നത്. ഉടൻ ഒളിവില്‍ പോയ പിസി പെട്ടെന്ന് നാട്ടില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ പ്രസംഗത്തിന്‍റെ പേരില്‍ കേസെടുത്ത സംഭവം ബിജെപി ഏറ്റെടുത്തു. പിസി ജോർജിന് പിന്തുണയും പ്രഖ്യാപിച്ചു.

പിന്നീട് ജയിലില്‍ പോയ പിസിയെ സ്വീകരിക്കാനും ബിജെപി നേതാക്കൾ മുന്നിലുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ തൃക്കാക്കരയിലെത്തിയ പിസി ജോർജ് ബിജെപി സ്ഥാനാർഥിക്ക് വേണ്ടി വോട്ടുചോദിച്ച് പ്രചാരണം കൊഴുപ്പിച്ചു. മോദിയെ പിന്തുണച്ചും പിണറായിയെ ആക്ഷേപിച്ചും പിസി തൃക്കാക്കരയിലെ ബിജെപി കേന്ദ്രങ്ങളെ ആവേശഭരിതരാക്കി.

ഒടുവില്‍ ഫലം വന്നു: റെക്കോഡ് ഭൂരിപക്ഷത്തില്‍ തൃക്കാക്കരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ജയിച്ചുകയറിയപ്പോൾ ബിജെപി സ്ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ മൂന്നാം സ്ഥാനത്തായി. 72770 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചപ്പോൾ 12957 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച എസ്‌ സജിക്ക് ലഭിച്ചത് 15483 വോട്ടുകളായിരുന്നു. 2526 വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റിനെ മത്സരിപ്പിച്ചപ്പോൾ തൃക്കാക്കരയില്‍ ബിജെപിക്കുണ്ടായത്.

ABOUT THE AUTHOR

...view details