എറണാകുളം: ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. മുഴുവൻ സമയവും കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ആഹാരം നൽകുകയും ചെയ്യുന്നുണ്ട്. ഒടിഞ്ഞ ഇടത് കൈ ഒഴികെയുള്ള കൈകാലുകൾ ചലിപ്പിക്കുന്നുണ്ട്. എന്നാൽ എഴുന്നേറ്റ് ഇരിക്കുകയോ ശബ്‌ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നില്ല. കുഞ്ഞിന്‍റെ സംസാര ശേഷിക്ക് തകരാറ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേ സമയം കുഞ്ഞിനെ ആരും മർദിച്ചിട്ടില്ലെന്ന മൊഴിയിൽ അമ്മയും അമ്മൂമ്മയും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സർജന്‍റെ വിദഗ്‌ധ അഭിപ്രായം തേടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു അറിയിച്ചു. ഇതിനു ശേഷം മാത്രമാകും കേസിന്‍റെ ഗതി തീരുമാനിക്കുക.
ആന്‍റണി ടിജിൻ പൊലീസ് കസ്റ്റഡിയിൽ
കുട്ടിക്കുണ്ടായ പഴയ പരിക്ക് കുന്തിരിക്കത്തിൽ നിന്ന് ഉണ്ടായതെന്ന അമ്മയുടെ മൊഴി ശരിയാണ്. ഇക്കാര്യത്തിൽ തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ചുമത്തിയ കുറ്റം നിലനിൽക്കും.
സമൂഹത്തെ പേടിച്ചാണ് ഒളിവിൽ പോയതെന്നാണ് ആന്‍റണി ടിജിൻ പറയുന്നത്. മൈസൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത ആന്‍റണി ടിജിനെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. നിലവിൽ ഇയാളുടെ അറസ്റ്റിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
അമ്മയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് അപസ്മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടു വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായും കണ്ടത്തി. തുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നിട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോകട്റോട് അമ്മ പറഞ്ഞത്. എന്നാൽ ഈ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് തൃക്കാക്കര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ALSO READ:രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവം: ആൻ്റണി ടിജിൻ പൊലീസ് കസ്റ്റഡിയിൽ