കേരളം

kerala

ETV Bharat / city

രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവം: ആൻ്റണി ടിജിൻ പൊലീസ് കസ്റ്റഡിയിൽ - തൃക്കാക്കര രണ്ടര വയസുകാരി മര്‍ദനം

ബെംഗളൂരുവിൽ നിന്നാണ് പൊലീസ് ആൻ്റണി ടിജിനെ കസ്റ്റഡിയിലെടുത്തത്

thrikkakara child assault case  thrikkakara child suffers serious injury  antony tijin in police custody  ആൻ്റണി ടിജിന്‍ കസ്റ്റഡിയില്‍  തൃക്കാക്കര രണ്ടര വയസുകാരി മര്‍ദനം  രണ്ടര വയസുകാരി പരിക്ക്
രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവം: ആൻ്റണി ടിജിൻ പൊലീസ് കസ്റ്റഡിയിൽ, കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

By

Published : Feb 24, 2022, 12:29 PM IST

എറണാകുളം: തൃക്കാകരയിൽ രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ ആരോപണ വിധേയനായ പുതുവൈപ്പ് സ്വദേശി ആൻ്റണി ടിജിൻ കസ്റ്റഡിയിൽ. ബെംഗളൂരുവിൽ നിന്നാണ് പൊലീസ് ആൻ്റണി ടിജിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിൻ്റെ അമ്മയുടെ സഹോദരിയുടെ പങ്കാളിയാണ് ആൻ്റണി ടിജിൻ.

ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി നൽകിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആണെന്നും ആന്‍റണി ടിജിൻ ഒളിവിലാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

എന്നാൽ തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും കുട്ടിയുടെ പിതാവിന്‍റെ ഭീഷണിയെ തുടർന്നാണ് താൻ വിട്ടു നിൽക്കുന്നതെന്നും ആന്‍റണി ടിജിൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഞായറാഴ്‌ച പുലർച്ചെ തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇയാൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

അതേസമയം, ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നലെ കുഞ്ഞിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകി തുടങ്ങിയിട്ടുണ്ട്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമയും ചേർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായി കണ്ടത്തി. ഇതേ തുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തില്‍ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്‌ടറോട് അമ്മ പറഞ്ഞത്.

അമ്മയുടെ ഈ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അമ്മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Also read: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: നടത്തളത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ABOUT THE AUTHOR

...view details