എറണാകുളം: തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർഥിയെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളൂവെന്നും തീരുമാനിച്ചുകഴിഞ്ഞാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കും. പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് വരുന്നതേയുള്ളൂ. മണ്ഡലത്തില്‍ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയെ ഔദ്യോഗികമായി ഉടന്‍ പ്രഖാപിക്കുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജനും വ്യക്തമാക്കിയിരുന്നു.
മന്ത്രി പി രാജീവ് മാധ്യമങ്ങളോട് Also read: തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല, വാർത്ത നൽകുന്നത് എന്തടിസ്ഥാനത്തിലെന്നും ഇ.പി ജയരാജന്‍
സ്ഥാനാർഥിയെ തീരുമാനിച്ചുവെന്ന തരത്തിൽ വാർത്ത നൽകുന്നത് ശരിയല്ലെന്ന് പറഞ്ഞ ഇ.പി ജയരാജന്‍ അറിയാത്ത കാര്യങ്ങൾ സ്ഥാപിച്ച് എടുക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. സിപിഎം ജില്ല കമ്മിറ്റി അംഗം കെ.എസ് അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബിജെപി സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്‌ണനെയാണ് പരിഗണിക്കുന്നത്.