എറണാകുളം : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടെടുത്ത വധശ്രമക്കേസിൽ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്ക് ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ച് അനുവദിച്ചത്.
ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമാണ് മറ്റ് ഉപാധികൾ. മൂന്നാം പ്രതി സുജിത് നാരായണനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ രണ്ടാൾ ജാമ്യവ്യവസ്ഥയിലും 50000 രൂപ ബോണ്ടിന്മേലും വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു.
അതേസമയം പ്രതിഷേധത്തിനിടെ പ്രതികൾ ആയുധം കൈവശം കരുതിയിരുന്നില്ലെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. വിമാനം ലാൻഡ് ചെയ്‌ത ശേഷമാണ് പ്രതികൾ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണം. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളത്.