എറണാകുളം: കൊച്ചിയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിലെ മോഷണത്തില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ടുപ്രതികൾക്കുമെതിരെ സൈബർ ഭീകരവാദ കുറ്റം ചുമത്തി. നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിലെ മോഷണത്തില്‍ ചാരപ്രവർത്തന സാധ്യത ഇല്ലന്നാണ് എൻഐഎ കണ്ടെത്തൽ. കേസിൽ ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം എന്നിവരാണ് പ്രതികൾ.
ഐഎൻഎസ് വിക്രാന്തിലെ മോഷണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം എന്നിവര്‍ക്കെതിരെ സൈബർ ഭീകരവാദകുറ്റം ചുമത്തി
ഹാർഡ് ഡിസ്കിലെ വിവരങ്ങൾ പ്രതികൾ പരിശോധിച്ചെന്ന് എൻഐഎ കണ്ടെത്തി. അഞ്ച് ഹാർഡ് ഡിസ്കുകളിൽ ഒന്നിലെ വിവരങ്ങൾ പൂർണമായും ഡിലിറ്റ് ചെയ്തിരുന്നു. വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയോയെന്ന് പരിശോധിക്കും. ഇവർക്കെതിരായ രാജ്യദ്രോഹവകുപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകൾ ഇവർ മോഷ്ടിച്ചിരുന്നു. കപ്പലുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡിസ്കുകളില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണം നടത്തിയ കൊച്ചി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കരാറുകമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. മൈക്രോ പ്രൊസസറുകൾ, ഹാർഡ് ഡിസ്കുകൾ, റാമുകൾ എന്നിവ ഉൾപ്പടെ കവർച്ച നടത്തിയ ഇരുപത് ഉപകരണങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇത് ഓൺലൈൻ വഴി വിൽപ്പന നടത്തിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.