എറണാകുളം: കൊച്ചിയിൽ ചരിഞ്ഞ കെട്ടിടം പൊളിച്ചുനീക്കാനായി തീരുമാനിച്ചിരുന്നുവെന്ന് ഉടമ നൂറുദ്ദീന്‍ മേത്തർ. ഇരുനില കെട്ടിടത്തിന് എഴുപത് വർഷത്തോളം കാലപ്പഴക്കമുണ്ട്. ഇത്തരത്തില്‍ ഒരുഭാഗം തകരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണമായും അപകടാവസ്ഥയിലായ കെട്ടിടം സ്വന്തം നിലയിൽ പൊളിച്ച് നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒഴിവായത് വൻ അപകടം
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ റോയൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് ഒരു ഭാഗത്തേക്ക് ചരിഞ്ഞത്. കെട്ടിടം പൂർണമായും നിലം പതിക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
ശബ്‌ദം കേട്ട സമയം കെട്ടിടത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള രാംനിവാസ് എന്ന മറ്റൊരു ഹോട്ടലിന്‍റെ മുകൾ ഭാഗത്തേക്ക് ഈ കെട്ടിടം ചരിഞ്ഞ് നിൽക്കുന്നത് സ്ഥാപനത്തിനും ഭീഷണി ഉയർത്തുന്നുണ്ട്.