കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള സ്ഫോടക വസ്‌തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിച്ചു തുടങ്ങി. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അതീവസുരക്ഷാ അകമ്പടിയോടെ ഇന്ന് രാവിലെ അങ്കമാലിയിലെ ഗോഡൗണിൽ നിന്നും ഫ്ളാറ്റ് സമുച്ചയത്തിൽ എത്തിച്ചു. ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനം വഴി ഫ്ലാറ്റുകൾ പൊളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്തുകൾ എത്തിച്ചു, സാങ്കേതിക സമിതി യോഗം ഇന്ന് - സാങ്കേതിക സമിതി യോഗം ഇന്ന്
ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അതീവസുരക്ഷാ അകമ്പടിയോടെ ഇന്ന് രാവിലെ അങ്കമാലിയിലെ ഗോഡൗണിൽ നിന്നും ഫ്ളാറ്റ് സമുച്ചയത്തിൽ എത്തിച്ചു.
അതേസമയം ഏത് ഫ്ലാറ്റ് ആദ്യം പൊളിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയിൽ ചേരും. യോഗത്തിനു മുന്നോടിയായി സബ് കലക്ടർ ഉൾപ്പടെയുള്ള സാങ്കേതിക സമിതി അംഗങ്ങൾ ആൽഫ സെറീൻ ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ എത്തിച്ച സ്ഫോടക വസ്തുക്കൾ ഇന്ന് അതീവ സുരക്ഷയിൽ സമുച്ചയത്തിൽ തന്നെ സൂക്ഷിക്കും. കെട്ടിടത്തിനകത്ത് ഉണ്ടാക്കിയ ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന കാര്യത്തിൽ സാങ്കേതിക സമിതി യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. സ്ഫോടകവസ്തുക്കൾ നിറക്കുന്നതോടെ പ്രദേശം അതീവ സുരക്ഷാ വലയത്തിലാകും. ഐഒസി പൈപ്പ് ലൈനിന് മുകളിൽ മണൽ ചാക്കുകൾ വിരിക്കുന്ന നടപടികളും തുടരുകയാണ്.