എറണാകുളം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. 2016 ലെ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി കറൻസി കടത്തി എന്നാണ് സ്വപ്‌ന ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, സി.എം. രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ് 2016 ൽ മുഖ്യമന്ത്രി ദുബായിൽ പോയ വേളയിലാണ് എം. ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഒരു ബാഗ് മറന്നു വെച്ചുവെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ദുബായ് കോൺസുലേറ്റിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ വഴിയാണ് ഈ ബാഗ് കൊടുത്തയച്ചത്. ഈ ബാഗിൽ കറൻസിയായിരുന്നുവെന്നാണ് സ്‌കാനിംഗിൽ കണ്ടെത്തിയതെന്നും സ്വപ്‌ന ആരോപിച്ചു.
ഇതേ തുടർന്നാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് തുടങ്ങിയത്. ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ബിരിയാണി പാത്രത്തിൽ കനം കൂടിയ എന്തൊക്കെയോ ലോഹങ്ങൾ ക്ലിഫ് ഹൗസിൽ എത്തിച്ചിരുന്നു. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് ബിരിയാണി പാത്രം കോൺസുലേറ്റിന്‍റെ വാഹനത്തിൽ എത്തിച്ചതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
'ജീവന് ഭീഷണിയുണ്ട്':എറണാകുളം അഡിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചതെന്നും ഇത് കൂടാതെയുള്ള എല്ലാ വിവരങ്ങളും 164 മൊഴിയിൽ നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴക്കുന്നതിന് ആവശ്യമായ തെളിവുകൾ എവിടെയെന്ന ചോദ്യത്തിന് എല്ലാം കോടതിയിൽ നൽകിയെന്നായിരുന്നു മറുപടി. താൻ ഈ മൊഴിയാണ് എല്ലാ അന്വേഷണ ഏജൻസികൾക്കും നൽകിയത്. നിങ്ങൾ അറിയാത്തതിനാലാണ്. തനിക്ക് പ്രത്യേക അജണ്ടയില്ലന്നും മറ്റു കാരങ്ങൾ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നും സ്വപ്‌ന പറഞ്ഞു.
താൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് സംബന്ധിച്ച് വിശദമായി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, സി.എം. രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ പങ്ക് സംബന്ധിച്ച് വിശദമായി മൊഴി നൽകിയിട്ടുണ്ടന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വപ്‌നയുടെ ഹർജി പരിഗണിച്ചാണ് കോടതി രണ്ട് ദിവസങ്ങളിലായി രഹസ്യമൊഴി രേഖപ്പെടുത്തിയത്.