എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്തിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയായ സ്വപ്നക്കെതിരെ അറുപത് ദിവസത്തിനുള്ളിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായി ജയിലിൽ കഴിയുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ കഴിയില്ല.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് ; സ്വപ്‌ന സുരേഷിന് ജാമ്യം - swpna suresh latest news
ദേശീയ അന്വേഷണ ഏജൻസി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്‌നയ്‌ക്ക് പുറത്തിറങ്ങാനാകില്ല.

സ്വർണക്കടത്തുകേസിൽ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ബെംഗളൂരുവിൽ നിന്നും എൻ.ഐ.എ ആണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷമാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ നേരത്തേ രണ്ടു തവണ എസിജെഎം കോടതി തള്ളിയിരുന്നു.
സ്വപ്‌നയ്‌ക്കെതിരെ ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കടത്തുകേസിലെ പതിനേഴ് പ്രതികളിൽ പ്രധാനപ്പെട്ട പ്രതികൾ ഉൾപ്പടെ പത്തുപേർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടുണ്ട്. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിയമം കസ്റ്റംസ് പാലിക്കാത്തതിനെ തുടർന്നാണ് പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചത്.