എറണാകുളം :എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവ് അനുചിതമാണെന്നും പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പരാതി നൽകാൻ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മർദം കാരണമാണ്. സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്നും സർക്കാർ അപ്പീലിൽ പറയുന്നു. ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച പരിഗണിക്കും.
കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് വിചിത്രമായ വിധിയിലൂടെ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം നൽകിയത്.