എറണാകുളം: വർഗീയ പ്രചരണം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പറവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിക്ക് പത്ത് ദിവസത്തെ ഇടക്കാല ജാമ്യം കോടതി നൽകി. ഹോട്ടലിലെ ഹലാൽ ബോർഡ് വിവാദവുമായി ബന്ധപ്പെട്ട് മത സ്പർദ്ധ വളർത്തുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവിനെ അറസ്റ്റ് ചെയ്തത്.
വർഗീയ പ്രചരണം; ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി അറസ്‌റ്റില്‍ - ഹിന്ദു ഐക്യവേദി
ആർ.വി ബാബുവിന് കോടതി പത്ത് ദിവസത്തെ ഇടക്കാല ജാമ്യം നൽകി.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 153എ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പറവൂർ പൊലീസ് കേസെടുത്തത്. ഹലാൽ സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കുറുമശേരിയിലെ ബേക്കറിയിൽ നേരത്തെ ഹിന്ദു ഐക്യവേദി നോട്ടീസ് നൽകിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായതോടെ പൊലീസ് കേസെടുക്കുകയും നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ആർ.വി ബാബു യൂട്യൂബിൽ പ്രചരിപ്പിച്ച വിഡിയോ മതസ്പർദ വളർത്തുന്നു എന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.