എറണാകുളം:സ്‌പ്രിംഗ്ലര്‍ കരാറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌പ്രിംഗ്ലര്‍ കരാർ റദ്ദാക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച മൂന്ന് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടോയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. കോടതി നിർദേശ പ്രകാരം വിശദമായ സത്യവാങ്മൂലം സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
'സ്‌പ്രിംഗ്ലര്‍' ഇന്ന് ഹൈക്കോടതിയില്‍ - സ്‌പ്രിംഗ്ലര്‍ വാര്‍ത്തകള്‍
സ്‌പ്രിംഗ്ലര്‍ കരാർ റദ്ദാക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ ചോരില്ലെന്നാണ് സർക്കാർ വിശദീകരണം . ഡാറ്റകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. സ്‌പ്രിംഗ്ലര്‍ സേവനം സൗജന്യമായതിനാലാണ് നിയമവകുപ്പിന്‍റെ അനുമതി തേടാതിരുന്നത്. രോഗികളുടെ എണ്ണം കുറവായതിനാൽ സർക്കാരിന്‍റെ ഐ.ടി സംരംഭങ്ങൾ ഡാറ്റ അനാലിസിസ് നടത്തിയാൽ മതിയെന്ന വാദം നിലനിൽക്കില്ല. സമൂഹവ്യാപനം ഉണ്ടായാൽ 1.80 കോടിയോളം പേരെ നിരീക്ഷിക്കേണ്ടിവരും. ഇക്കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാന സർക്കാരിനെതിരായ വിശദീകരണമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയത്. കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഇൻഫർമാറ്റിക് സെന്‍റർ പ്രാപ്തമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാണ്. സ്‌പ്രിംഗ്ലര്‍ കരാർ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല. വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകൾ കരാറിലില്ല. സെൻസിറ്റീവ് വിഭാഗത്തിലുള്ള ഡാറ്റയായ വ്യക്തിഗത വിവരങ്ങൾ സർക്കാർ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.