എറണാകുളം :കെ.റെയിൽ പദ്ധതിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വിശദീകരണ പരിപാടിയായ ജനസമക്ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിൽവർ ലൈൻ പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദം'
പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ് പദ്ധതി. പ്രളയമുണ്ടാകുമെന്ന പ്രചാരണം ശരിയല്ല. വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകില്ല.
പ്രളയമുൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിയെ മറന്നുള്ള ഒരു വികസനവും സർക്കാർ നടപ്പിലാക്കില്ല. കേരളത്തെ രണ്ടായി മുറിക്കുമെന്ന പ്രചാരണം ശരിയല്ല. സിൽവർ ലൈനിൻ്റെ ആകെ ദൂരത്തിൻ്റെ 25 ശതമാനവും തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാണ് കടന്നുപോകുന്നത്. നിലവിലെ റെയിൽവേ ലൈന്‍ വികസിപ്പിച്ചാല്‍ സമാനമായ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നു'
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടന്നിരുന്നു. ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകിയിരുന്നു. നിയമസഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെഞ്ഞെടുപ്പിന് ശേഷമുള്ള പ്രത്യേക സാഹചര്യമായിരിക്കാം ഇപ്പോഴത്തെ എതിർപ്പിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.