കൊച്ചി: ധാർമ്മിക ബോധമുള്ളവർക്ക് സഭയിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. കൊച്ചിയിൽ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി കൂട്ടായ്‌മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായി എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത് മുതലാണ് തനിക്കെതിരെ സഭ നടപടി തുടങ്ങിയത്. തന്നെ പിന്തുണച്ച് കന്യാസ്‌ത്രീകള്‍ രംഗത്ത് വരാത്തത് ഭയം കാരണമാണ്. ഭയമില്ലാത്ത സാഹചര്യമുണ്ടായാൽ അവരെല്ലാം പരസ്യമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതിബോധമുള്ള മനുഷ്യരുടെ പിന്തുണയാണ് ധൈര്യം പകരുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം മരണം വരെ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സഭയിലെ തെറ്റായ കാര്യങ്ങൾക്കെതിരെ പ്രതികരിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര - സിസ്റ്റർ ലൂസി കളപ്പുര
തന്നെ പുറത്താക്കിയ നടപടി സിറോ മലബാർ സഭാ സിനഡിന്‍റെ അംഗീകാരത്തോടെയായിരിക്കുമെന്നും സിസ്‌റ്റര്‍ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം മരണം വരെ തുടരുമെന്നും ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.
നീതിയെന്നത് ആരുടെയും ഔദാര്യമല്ല അവകാശമാണ്. അത് നൽകേണ്ട സമയത്ത് തന്നെ ലഭിക്കുന്നതിനുള്ള സാഹചര്യം മതത്തിലും രാഷ്‌ട്രീയത്തിലും ഉണ്ടാകേണ്ടതുണ്ടെന്നും ലൂസി കളപ്പുര പറഞ്ഞു. സിറോ മലബാർ സഭാ സിനഡിന്‍റെ അംഗീകാരത്തോടെയായിരിക്കും എഫ്.സി.സി സന്യാസിനി സഭ തന്നെ പുറത്താക്കിയത്. അതിനാലാണ് സഭ സിനഡ് നടപടിയെ അംഗീകരിച്ച് പ്രസ്‌താവനയിറക്കിയത്. സഭ തെറ്റായ നിലപാട് തിരുത്തുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും സിസ്‌റ്റര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്റർ ലൂസിക്കെതിരായ സഭാ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന പ്രതിഷേധ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.