എറണാകുളം: സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിനെതിരെ പ്രതികളുടെ മൊഴികളല്ലാതെ കൂടുതൽ തെളിവുണ്ടെങ്കിൽ സീൽഡ് കവറിൽ സമർപ്പിക്കാൻ കസ്‌റ്റംസിന് കോടതി നിർദേശം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയാണ് കസ്റ്റംസിന് നിർദേശം നൽകിയത്. ശിവശങ്കറിന്‍റെ രണ്ട് ഫോണുകൾ കൂടി ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിന്‍റെ ഭാര്യയാണ് ഇത് കൈമാറിയത്.
ശിവശങ്കറിനെതിരായ തെളിവ് സീല്‍ഡ് കവറില്‍ നല്‍കണമെന്ന് കോടതി
എ.സി.ജെ.എം കോടതിയാണ് കസ്റ്റംസിന് നിർദേശം നൽകിയത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എഴിലേക്ക് മാറ്റി.
ദീർഘസമയം ചോദ്യം ചെയ്തിട്ടും മറ്റ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയിരുന്നില്ല. സത്യം മറച്ച് വയ്‌ക്കുന്നു എന്നതിന് പ്രധാന തെളിവാണിത്. ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാൽ ശിവശങ്കറിന് ജാമ്യം നൽകരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ശിവശങ്കർ ചികിത്സ തേടിയത്.
ശിവശങ്കറിന്‍റെ ഇടപാടുകൾ വിവാദങ്ങൾ നിറഞ്ഞതും, അഴിമതി ആരോപണങ്ങൾ നേരിടുന്നവയുമാണെന്ന് മാധ്യമ വാർത്തകളിൽ നിന്ന് വ്യക്തമായെന്ന വിചിത്ര വാദവും കസ്റ്റംസ് കോടതിയിൽ ഉന്നയിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചു. അതേ സമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എ.സി.ജെ.എം കോടതി ഈ മാസം എഴിലേക്ക് മാറ്റി.